
ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ വിവാദത്തിൽ. സിഇഒ സ്ഥാനത്തേക്ക് അപേക്ഷിച്ചവരോട് ഭക്ഷണ-പാനീയ ശീലങ്ങൾ, സസ്യാഹാരിയാണോ, പൂണൂൽ ധരിക്കാറുണ്ടോ, മദ്യം കഴിക്കാറുണ്ടോ, മതപരമായ കാഴ്ചപ്പാടുകൾ തുടങ്ങിയ വിവരങ്ങൾ ഗൂഗിൾ ഫോം വഴി തേടിയതാണ് ശ്രദ്ധേയമായത്. ലഭിച്ച 5,200 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 18 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് അവസാനഘട്ട അഭിമുഖം നടക്കുന്നത്.
ചൊവ്വാഴ്ച നടന്ന അഭിമുഖത്തിൽ നാല് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ പങ്കെടുത്തു. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ശാസ്ത്രജ്ഞൻ സുരേഷ് ഹവാരെ എന്നിവരടങ്ങിയ പാനലാണ് ഉദ്യോഗാർത്ഥികളെ അഭിമുഖം ചെയ്യുന്നത്. മതപരമായ നിർബന്ധിത നിബന്ധനകൾക്കൊപ്പം തന്നെ മികച്ച ഭരണപരിചയവും യോഗ്യതയായി കണക്കാക്കിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.
ക്ഷേത്രത്തിലെ സംഭാവനകളിൽ കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി ജൂൺ ആദ്യവാരം പുറത്തുവന്നതിനെ തുടർന്നാണ് ട്രസ്റ്റ് ഭരണം ശക്തമാക്കാൻ സിഇഒയെ നിയമിക്കാൻ തീരുമാനിച്ചത്. കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സാമ്പത്തിക കാര്യങ്ങളിലും ദൈനംദിന ഭരണത്തിലും കർശന മേൽനോട്ടം ഉറപ്പാക്കുകയാണ് പുതിയ സിഇഒയുടെ പ്രധാന ദൗത്യം.