
ന്യൂഡല്‍ഹി: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ധ്രുവ് രാഠിയുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള യൂട്യൂബ് വീഡിയോ ഇന്ത്യയിൽ തടഞ്ഞുവെച്ചതായി ഗൂഗിൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകയായ അമിത സച്ദേവ സമർപ്പിച്ച ഹർജി പരിഗണിക്കവേ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമയ്ക്ക് മുന്നിലാണ് ഗൂഗിൾ ഈ കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാറിന്‍റെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും, ആഗോളതലത്തിൽ വീഡിയോ നിരോധിക്കുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലായതിനാലാണ് നിലവിൽ ഇന്ത്യയിൽ മാത്രം വീഡിയോ ലഭ്യമല്ലാതാക്കിയിട്ടുള്ളതെന്നും ഗൂഗിളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 21-ന് ധ്രുവ് രാഠി പുറത്തുവിട്ട വീഡിയോയിൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ, സീതാദേവി എന്നിവരെ അധിക്ഷേപിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമർശങ്ങളുണ്ടെന്നും, ഇത് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നുമാണ് ഹർജിക്കാരി ആരോപിക്കുന്നത്.
ഈ വിഷയത്തിൽ ഡൽഹി പൊലീസിന്‍റെ സൈബർ സെല്ലിൽ പരാതി നൽകിയതിന് പുറമെ, ഇൻഫർമേഷൻ ടെക്നോളജി ചട്ടപ്രകാരം യൂട്യൂബിന്‍റെ റസിഡന്‍റ് ഗ്രീവൻസ് ഓഫീസർക്കും പരാതി നൽകിയിരുന്നു. എന്നാൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമൊന്നും കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും, തുടർന്ന് മാർച്ച് 27-ന് കേന്ദ്ര സർക്കാറിന്‍റെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയെ (ജി.എ.സി) സമീപിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
നിയമപ്രകാരം 30 ദിവസത്തിനകം അപ്പീലിൽ തീരുമാനമെടുക്കേണ്ട ജി.എ.സി കാലതാമസം വരുത്തിയതിനെ തുടർന്ന് ഹർജിക്കാരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 3-ന് 15 ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ജി.എ.സിക്ക് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് ജൂലൈ 15-ന് വീഡിയോ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ജി.എ.സി ഗൂഗിളിനോട് ആവശ്യപ്പെട്ടെങ്കിലും ഗൂഗിൾ വീഡിയോ ഇന്ത്യയിൽ മാത്രമാണ് തടഞ്ഞുവെച്ചതെന്നും ഇത് ഭാഗികമായ ഉത്തരവ് പാലിക്കൽ മാത്രമാണെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ ആഗോള വിലക്കിന്‍റെ വിഷയം ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലായതിനാൽ നിലവിൽ ഗൂഗിളിന് ചെയ്യാൻ സാധിക്കുന്നത് അവർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് തുടർവാദത്തിനായി സെപ്റ്റംബർ 3-ലേക്ക് മാറ്റി.
അടുത്തിടെ, പ്രധാനമന്ത്രിയെ രൂക്ഷമായി വിര്‍ശിച്ചും ധ്രുവ് റാഠി രംഗത്തെത്തിയിരുന്നു.