
ന്യൂഡൽഹി: കീറിയതും മുഷിഞ്ഞതുമായ കറന്‍സി നോട്ടുകള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. 10 രൂപയുടെയും 20 രൂപയുടെയും നൂറു കോടി പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഫീല്‍ഡ് ട്രയലുകളുടെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ വലിയ തോതിലുള്ള വിതരണത്തെക്കുറിച്ച് ആര്‍ബിഐ അന്തിമ തീരുമാനമെടുക്കൂ.
പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള നിര്‍ദേശം ആർബിഐ സർക്കാരിന് അയച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ സെക്ഷൻ 25 പ്രകാരമാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്. "ഈ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ആർബിഐ പ്രകാരം പോളിമർ നോട്ടുകൾ പേപ്പർ സബ്‌സ്‌ട്രേറ്റ് അധിഷ്‌ഠിത ബാങ്ക് നോട്ടുകൾക്കൊപ്പം പുറത്തിറക്കാൻ നിർദേശിക്കപ്പെട്ടിട്ടുണ്ട്" അവർ പറഞ്ഞു.
സംഭരണ പ്രക്രിയ നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പോളിമർ നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള കൃത്യമായ സമയപരിധിയോ ചെലവോ ഈ ഘട്ടത്തിൽ പ്രായോഗികമായി നിർണയിക്കാൻ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി.