
വാഷിംഗ്ടൺ: കുട്ടികൾക്ക് പതിവായി നൽകുന്ന വാക്സിനുകളുടെ അളവ് കുറയ്ക്കുന്നതിനും അവ നൽകുന്ന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനും ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ശാസ്ത്ര വിരുദ്ധവും തെറ്റായ പ്രചാരണങ്ങളെ ആസ്പദമാക്കിയുള്ളതുമായ ഈ നടപടി കുട്ടികളുടെ ആരോഗ്യത്തെയും ജീവനെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഹെൽത്ത് കെയർ സബ്കമ്മിറ്റി റാങ്കിംഗ് അംഗമായ രാജ കൃഷ്ണമൂർത്തി, ഭരണകൂടത്തിന്റെ ഈ തീരുമാനം വർഷങ്ങളായി ശാസ്ത്രലോകവും വൈദ്യശാസ്ത്ര രംഗവും തെളിയിച്ച വാക്സിൻ സുരക്ഷാ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തുന്നതാണെന്ന് വ്യക്തമാക്കി.
കടുത്ത രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വാക്സിനേഷൻ സംവിധാനത്തെ തകർക്കുന്നത് വഴി, തടയാവുന്ന രോഗങ്ങൾ രാജ്യത്ത് വീണ്ടും പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന് കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം നയങ്ങൾ നടപ്പിലാക്കുന്നത് പൊതുജനാരോഗ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നും അമേരിക്കൻ കുടുംബങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.