
വാഷിംഗ്ടൺ: മുപ്പത് വർഷങ്ങൾക്ക് മുൻപ് നാടുകടത്താൻ ഉത്തരവിട്ട കേസ് മറച്ചുവെച്ച് വ്യാജ പേരിൽ അമേരിക്കൻ പൗരത്വം നേടിയ ഇന്ത്യൻ വംശജനെതിരെ പൗരത്വം റദ്ദാക്കാൻ നിയമനടപടിയുമായി യുഎസ് ഭരണകൂടം. കാൻസസ് ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ഓഫീസാണ് ഹരിന്ദർ സിംഗ് (ഹരിന്ദർ സിംഗ് സങ്കേര, റഷ്പാൽ സിംഗ് എന്നീ പേരുകളിലും അറിയപ്പെടുന്നയാൾ) എന്നയാൾക്കെതിരെ സിവിൽ ഡീനാച്ചുറലൈസേഷൻ ഹർജി ഫയൽ ചെയ്തത്. വ്യാജ വിവരങ്ങളും തെറ്റായ രേഖകളും നൽകിയാണ് ഇയാൾ യുഎസ് പൗരത്വം നേടിയതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
1991-ൽ ന്യൂയോർക്കിലെ ജെഎഫ്കെ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചപ്പോൾ റഷ്പാൽ സിംഗ് എന്ന പേരിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് 1995 ഓഗസ്റ്റിൽ ഇയാളെ യുഎസിൽ നിന്ന് നാടുകടത്താൻ ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിടുകയും ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് അത് ശരിവെക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ ഇയാൾ അമേരിക്ക വിട്ടുപോയതായി യാതൊരു രേഖകളുമില്ല.
പിന്നീട് 1996 ജൂണിൽ ഹരിന്ദർ സിംഗ് എന്ന പേരിൽ ഇയാൾ പുതിയ ഇമിഗ്രേഷൻ അപേക്ഷ സമർപ്പിച്ചു. ഇതിനായി ജനനത്തീയതിയും യുഎസിൽ പ്രവേശിച്ച തീയതിയും മറ്റ് വ്യക്തിഗത വിവരങ്ങളും ഇയാൾ വ്യാജമായി നിർമ്മിക്കുകയായിരുന്നു. മുൻപ് നാടുകടത്താൻ ഉത്തരവിട്ട വിവരം മറച്ചുവെച്ച് സമർപ്പിച്ച അപേക്ഷ ഇമിഗ്രേഷൻ അധികൃതർ അംഗീകരിക്കുകയും 2000-ൽ ഗ്രീൻ കാർഡും (സ്ഥിരതാമസം) 2008-ൽ യുഎസ് പൗരത്വവും ഇയാൾക്ക് ലഭിക്കുകയും ചെയ്തു.
യുഎസ് ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ട് പ്രകാരം വ്യാജ വിവരങ്ങൾ നൽകിയോ കൃത്രിമം കാണിച്ചോ നേടിയ പൗരത്വം ഏതുസമയത്തും റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്. നിയമവിരുദ്ധമായി നേടിയ പൗരത്വവും സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റും റദ്ദാക്കാനാണ് സർക്കാരിന്റെ നീക്കം. 2025 ജനുവരി മുതൽ ഇതുവരെ വ്യാജരേഖകൾ ചമച്ച് പൗരത്വം നേടിയവർക്കെതിരെ 123-ഓളം സിവിൽ ഡീനാച്ചുറലൈസേഷൻ കേസുകളാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഫയൽ ചെയ്തത്.