
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത കേസിൽ പിതാവിനെതിരെ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് കേരള ഹൈക്കോടതി. 17 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 50 കാരന് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം പിതാവിൽ നിന്നുതന്നെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടിയുടെ ദാരുണമായ അവസ്ഥയാണ് കേസ് ചൂണ്ടികാണിക്കുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. പ്രതിക്കെതിരെയുള്ള ആരോപണം അതീവ ഗുരുതരവും മുൻകൂട്ടി ആസൂത്രണം ചെയ്തുനടത്തിയ കുറ്റകൃത്യവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
"പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ നിയമപരമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് സാധിക്കില്ല. ക്രിമിനൽ നടപടികൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രായപൂർത്തിയാകാത്ത ഇരയുടെ മാതാപിതാക്കൾ ഉണ്ടാക്കുന്ന ഇത്തരം ഒത്തുതീർപ്പുകൾക്കോ കോടതിക്ക് പുറത്തുള്ള കരാറുകൾക്കോ നിയമസാധുത നൽകാൻ കഴിയില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ നടത്താനുള്ള സംസ്ഥാനത്തിന്റെ ചുമതലയെക്കാൾ വലുതല്ല ഇത്തരം ഒത്തുതീർപ്പുകൾ," എന്ന് കോടതി വ്യക്തമാക്കി.
ആദ്യം പീഡന പരാതി നൽകിയ ഇരയുടെ അമ്മ, പിന്നീട് മകളുടെ താൽപ്പര്യങ്ങളും നന്മയും പൂർണ്ണമായും അവഗണിച്ച് കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയാണുണ്ടായതെന്നും, 'വേലി തന്നെ വിള തിന്നുന്ന' അവസ്ഥയാണിതെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനിടെ പലതവണകളായി 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് 50 കാരനെതിരായ കേസ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയവേ, ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് പ്രതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണെന്നും വ്യാജമായി കുടുക്കിയതാണെന്നുമായിരുന്നു രണ്ടാം ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം. സംഭവം ഒത്തുതീർപ്പായെന്നും കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി ഇരയുടെ അമ്മ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.
പ്രതിയും കുട്ടിയുടെ അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും ജാമ്യം നൽകുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും റെക്കോർഡിൽ ഇല്ലെന്നും അതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ആരോപിക്കപ്പെടുന്ന സംഭവങ്ങൾ പ്രതി മനപൂർവം ചെയ്ത കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആരോപണങ്ങളുടെ സ്വഭാവവും ഗുരുതരത്വവും കണക്കിലെടുത്ത് പ്രതിക്ക് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതിക്രമത്തെക്കുറിച്ച് പെൺകുട്ടി നൽകിയ മൊഴി കോടതി രേഖപ്പെടുത്തി. കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവവും പ്രതിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധവും കണക്കിലെടുത്താണ് പ്രതിയുടെ ആദ്യ ജാമ്യാപേക്ഷ തള്ളിയതെന്നും കോടതി ഓർമ്മിപ്പിച്ചു. ആദ്യം പരാതി നൽകിയ അമ്മ തന്നെ പിന്നീട് കേസ് ഒത്തുതീർപ്പാക്കാനും ജാമ്യത്തിന് സമ്മതം അറിയിക്കാനും മുന്നോട്ടുവന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു