Image

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; ക്വട്ടേഷൻ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി കോടതി

Published on 11 August, 2026
 ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; ക്വട്ടേഷൻ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി കോടതി

കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി കോതമംഗലം മജിസ്‌ട്രേറ്റ് കോടതി. കേസിൽ ജാമ്യത്തിൽ കഴിയവേ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർണായക നടപടി. 

അതേസമയം, സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തരമന്ത്രിയെ അപമാനിച്ച കേസിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ ഉത്തരവ്. ഫേസ്ബുക്ക് പോസ്റ്റിടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനായാണ് കണ്ണൂർ സൈബർ പോലീസ് അർജുനെ കസ്റ്റഡിയിൽ വാങ്ങിയത്. ബോഡി സെർച്ചിനിടെ ഫോൺ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തതാണെന്നും കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ മറ്റൊരു ഫോൺ നൽകി അന്വേഷണസംഘത്തെ വഴിതെറ്റിക്കാനാണ് അർജുൻ ശ്രമിച്ചതെന്നും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ കണ്ടെടുക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, അർജുൻ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയ്‌ക്കെതിരെ സി.പി.എം കീഴ്‌വായ്പൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക