Image

സിറിയൻ മുൻ പ്രസിഡന്‍റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച് കോടതി

Published on 11 August, 2026
സിറിയൻ മുൻ പ്രസിഡന്‍റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച്  കോടതി

ദമാസ്‌കസ്: സിറിയയുടെ മുൻ പ്രസിഡൻ്റ് ബഷാർ അൽ അസദിന് വധശിക്ഷ. ദമാസ്‌കസിലെ ക്രിമിനൽ കോടതിയാണ് വധശിക്ഷ ഉത്തരവ് പുറപ്പെടുവിച്ചത്. മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങൾ, യുദ്ധ നടപടികൾ, കൊലപാതകങ്ങൾ, അനധികൃതമായി ആളുകളെ തടങ്കലിൽ വയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിൻ്റെ സാന്നിധ്യമില്ലാതെയാണ് കോടതി വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചത്. അസദിൻ്റെ സഹോദരൻ മഹർ അൽ-അസദിനും മാതൃ സഹോദരനായ അതീഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

തെക്കൻ സിറിയയിലെ ഡെറാ പ്രവിശ്യയിലെ മുൻ രാഷ്ട്രീയ സുരക്ഷാ മേധാവിയായ അതേഫ് നജീബിനെതിരെ ആസൂത്രിത കൊലപാതകം, പീഡനം എന്നിവയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. 

ഹയാത്ത് തഹ്‌രിർ അൽ-ഷാമിൻഅറെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള പ്രതിപക്ഷ സേന ദമാസ്‌കസിലേക്ക് മുന്നേറിയപ്പോൾ അസദ് കുടുംബത്തോടൊപ്പം 2024 ഡിസംബറിൽ സിറിയയിലേക്ക് പലായനം ചെയ്‌തു. തുടർന്ന് റഷ്യയിൽ അദ്ദേഹത്തിന് അഭയം ലഭിച്ചു. എച്ച്‌ടി‌എസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സേന വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ നിന്ന് ആക്രമണം ആരംഭിച്ച് 2024 ഡിസംബർ 8 ന് പുലർച്ചെ ദമാസ്‌കസിൽ എത്തിയതിനെത്തുടർന്ന് അസദിനെ പുറത്താക്കി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസദ് കുടുംബത്തിൻ്റെ ഭരണം അവസാനിപ്പിച്ചു.

പിതാവ് ഹാഫിസ് അൽ-അസദിൻ്റെ മരണശേഷം 2000 ൽ അസദ് പ്രസിഡൻ്റായി ചുമതലയേൽക്കുകയായിരുന്നു. തുടർന്ന് രണ്ട് പതിറ്റാണ്ടിലേറെ സിറിയ ഭരിച്ചു. 2024 ഡിസംബറിൽ സ്ഥാനഭ്രഷ്‌ടനാകുന്നതുവരെ ബഷാർ സിറിയ ഭരിച്ചു.

 2011ൽ ഡെറായിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ സുരക്ഷാ സേന അടിച്ചമർത്തിയതിനെ തുടർന്നാണ് സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഈ യുദ്ധത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും, പലായനം ചെയ്യുകയുമുണ്ടായി. അൽ-ഷറയുടെ നേതൃത്വത്തിൽ അസദിനെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രസ്ഥാനത്തിൻ്റെ വിദേശ ഭീകര സംഘടന പദവി ട്രംപ് ഭരണകൂടം പിന്നീട് റദ്ദാക്കി. സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ 2011 ലെ അറബ് വസന്തകാലത്ത് വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ 5 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

പുതിയ ഇടക്കാല ഭരണകൂടത്തിന് കീഴിൽ അസദിനും കുടുംബാംഗങ്ങൾക്കും എതിരെ വരുന്ന ആദ്യത്തെ വിധിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക