Image

1.75 ലക്ഷത്തിലധികം വിസകൾ റദ്ദാക്കി അമേരിക്ക

Published on 11 August, 2026
1.75 ലക്ഷത്തിലധികം വിസകൾ റദ്ദാക്കി അമേരിക്ക


വാഷിംഗ്ടൺ: ക്രമസമാധാന ലംഘനം, സാമ്പത്തിക തട്ടിപ്പ്, ദേശീയ സുരക്ഷാ ഭീഷണികൾ, പൗരന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ മുൻനിർത്തി 1.75 ലക്ഷത്തിലധികം വിദേശികളുടെ വിസകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന കർശനമായ പരിശോധനകളുടെ ഭാഗമായാണ് ഈ വൻ നടപടി.

നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകളെത്തുടർന്നാണ് ഭൂരിഭാഗം വിസകളും റദ്ദാക്കിയത്. ശാരീരിക ആക്രമണങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം, മയക്കുമരുന്ന് കേസുകൾ, ലൈംഗിക അതിക്രമങ്ങൾ, ബാലപീഡനം, വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയാണ് വിസ റദ്ദാക്കപ്പെടാൻ പ്രധാന കാരണങ്ങളായത്. വിസ കാലാവധിയിലുള്ളവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും അമേരിക്കൻ ജനതയ്ക്ക് ഭീഷണിയാകുന്നില്ലെന്നും ഉറപ്പാക്കാനാണ് തുടർച്ചയായ പരിശോധന നടത്തുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിദേശി, കുട്ടികളെ കടത്തൽ, ലൈംഗികമായി ചൂഷണം ചെയ്യൽ, ബാലപീഡന ദൃശ്യങ്ങൾ കൈവശം വെക്കൽ എന്നീ കേസുകളിൽപ്പെട്ടവരുടെ വിസകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. കൂടാതെ, കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിനായി മാത്രം അമേരിക്കയിലേക്ക് യാത്ര ചെയ്ത 'ബെർത്ത് ടൂറിസത്തിൽ' പങ്കാളികളായ നൂറിലധികം മാതാപിതാക്കളുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.

5 മില്യൺ ഡോളറിലധികം മെഡിക്കൽ തട്ടിപ്പ് നടത്തിയ വ്യക്തിയുടെയും, വ്യാജ രേഖകൾ ഉപയോഗിച്ച് നിക്ഷേപകരെ വഞ്ചിച്ച് വിസ നേടിയ ആളുടെയും വിസകൾ ഇതോടൊപ്പം റദ്ദാക്കപ്പെട്ടു. രാഷ്ട്രീയ പ്രവർത്തകൻ ചാർളി കർക്കിന്റെ വധത്തെ ആഘോഷിച്ചവർക്കും, യുഎസ് പ്രസിഡന്റിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത കുവൈറ്റ് പൗരനും വിസ നഷ്ടമായി.

പൊതുനയ നിലപാടുകളുടെ അടിസ്ഥാനത്തിൽ ക്യൂബൻ, ഇറാനിയൻ പൗരന്മാരുടെയും ചില മുൻ കുറ്റവാളികളുടെയും വിസകൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ ഏതൊരു മാർഗ്ഗവും സ്വീകരിക്കുമെന്നും യുഎസ് വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്യം മാത്രമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓർമ്മിപ്പിച്ചു. വിസ എന്നത് യുഎസ് അതിർത്തിയിൽ പ്രവേശിക്കാനുള്ള യാത്രാനുമതി മാത്രമാണെന്നും പ്രവേശനം തീരുമാനിക്കുന്നത് ഇമിഗ്രേഷൻ അധികൃതരാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക