
വാഷിംഗ്ടൺ : ദരിദ്രരും ഇടത്തരക്കാരും, എന്തിന് ഉന്നത വരുമാനക്കാരും ക്രെഡിറ്റ് കാർഡുകളുടെ കടക്കെണിയിലാണ്. ദിനം പ്രതി ഉയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില തങ്ങൾക്കു താങ്ങാനാവുന്നതല്ല എന്ന് ഈ മൂന്നു വിഭാഗത്തിൽ പെട്ട ഉപ ഭോക്‌താക്കളും തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ ദിനം പ്രതി ഉയരുന്ന ആവശ്യങ്ങളും അവ നിറവേറ്റാൻ വേണ്ടി വരുന്ന സാമ്പത്തികവും പുതിയ സാമ്പത്തിക സ്രോതസുകളിലേക്കു ഉപഭോക്‌താക്കളെ നയിക്കുന്നു. ദിവസേന അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ കടം നൽകാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വരുന്ന ക്രെഡിറ്റ് കാർഡുകളുടെയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളുടെയും പ്രചരണങ്ങളിൽ ഉപഭോക്‌താക്കൾ വീഴുന്നു.
നിത്യോപയോഗ സാധനങ്ങളും, വസ്ത്ര, ആഭരണാദികളും ക്രെഡിറ്റ് ഓഫറുകളിൽ ഒപ്പിട്ടു വാങ്ങുന്നവരുടെ എണ്ണം നൽകു നാൾ വർധിച്ചു വരുന്നു. കടം തിരിച്ചടക്കേണ്ട സന്ദർഭങ്ങൾ തിരിച്ചറിവിന്റെ മുഹൂർത്തം ആയി മാറുന്നു. യു എസ്സിൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി ഈ പ്രതിഭാസം വർധിച്ചു വരികയാണെന്ന് സാമ്പത്തിക വിദഗ്ധർ അവർ നടത്തിയ പഠനങ്ങൾ ഉദ്ധരിച്ചു പറയുന്നു.
ഏറ്റവും പുതിയതായി പുറത്തു വന്ന അർബൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ 'ഫാമിലി വെൽ ബീയിങ് ആൻഡ് ബേസിക് നീഡ്‌സ് സർവ്വേ' ഫലത്തിൽ ഉപഭോക്‌താക്കളുടെ താൽപര്യങ്ങളിൽ നിർണായകമായ ഈ മാറ്റം കണ്ടെത്തി. കഴിഞ്ഞ വർഷം പ്രായ പൂർത്തിയായ, ജോലിയുള്ള മൂന്നിൽ ഒന്നിൽ അധികം പേർ ക്രെഡിറ്റ് കാർഡ് കടങ്ങൾ തിരിച്ചടക്കുന്നതിൽ പിഴവ് വരുത്തി. 34.9% പേർ, ക്രെഡിറ്റ് കാർഡിലൂടെ സാധനങ്ങൾ വാങ്ങിയവർ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടക്കുന്നതിൽ വിജയിച്ചു. 19.6% പേർക്കു കടം ഭാഗികമായി മാത്രമേ തിരിച്ചടക്കാൻ കഴിഞ്ഞുള്ളു. 8.7% പേർക്ക് തിരിച്ചടവിന്റെ മിനിമം പോലും നൽകാൻ കഴിഞ്ഞില്ല. 10 ൽ ഒരാൾ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ബൈ നൗ, പേ ലെയ്റ്റർ പദ്ധതിയിലൂടെയാണ് ഭക്ഷണ സാധനങ്ങൾ വാങ്ങിയത്. തങ്ങളുടെ കടുംബത്തിലുള്ളവരെ പോറ്റാൻ തങ്ങൾക്കു കിട്ടുന്ന കുറഞ്ഞ വരുമാനം തികയാതെ വരുമ്പോൾ ഇങ്ങനെയാണ് സംഭവിക്കുക എന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
'നമുക്ക് ചുറ്റും ഉള്ള ധാരാളം ആളുകൾക്കു എല്ലാ ഗ്രോസറികളും വാങ്ങുക താങ്ങാനാത്ത കാര്യമാണ്. ചിലർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാറില്ല,' റിപ്പോർട് എഴുതിയവരിൽ ഒരാളും ഇന്സ്ടിട്യൂട്ടിലെ സീനിയർ റിസർച്ച് അസ്സോസിയേറ്റുമായ കസാന്ദ്ര മാർട്ടിൻചെക് പറഞ്ഞു.
ഇതേ റിപ്പോർട്ടിൽ വെളിവാക്കുന്ന ഒരു കാര്യം ഈ അവസ്ഥ കുറഞ്ഞ വരുമാനകാർക്കും ഇടത്തരം വരുമാനക്കാർക്കും മാത്രമല്ല ഉള്ളത്, ഉയർന്ന വരുമാനക്കാരും ഇങ്ങനെ റീപേയ്‌മെന്റ് 'ചാലഞ്ചു' നേരിടുന്നു എന്നാണ് . വെറുതെ കടങ്ങൾ എടുക്കുക അല്ല, ഇവർ അതിജീവനത്തിനു വേണ്ടിയാണ് കടക്കാരാവുന്നത് എന്നും റിപ്പോർട്ടിൽ വിശദീകരണം ഉണ്ട്.
ബ്യുറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ ഡേറ്റ അനുസരിച്ചു് ഗ്രോസറി ഫുഡ് സ്റ്റോർ ഫുഡ് ഗ്രൂപ്പുകളിൽ നാലെണ്ണത്തിന് (ഇറച്ചി, ചിക്കൻ, മൽസ്യം, മുട്ട എന്നിവക്ക് ) 2.6% വും പഴവർഗങ്ങൾ , പച്ചക്കറി സാധനങ്ങൾ എന്നിവക്ക് 5.3% വും വില വർധിച്ചു. തങ്ങളുടെ പേ ചെക്കുകൾക്കോ എമർജൻസി ഫണ്ടുകൾക്കോ ഗ്രോസറി ഇനങ്ങളുടെ വില താങ്ങാൻ ആവാതെ വരുകയാണെങ്കിൽ കുടുംബങ്ങൾ ക്രെഡിറ്റ് കാർഡ് കടങ്ങൾ, എന്തെങ്കിലും മിച്ചം വച്ചിട്ടുണ്ടെങ്കിൽ അതും എടുത്തു ഗ്രോസറികൾ വാങ്ങുന്നു. 2025 ൽ വർക്കിംഗ് ഏജ് അഡൾട്ടുകളിൽ അഞ്ചിൽ ഒരാൾ സേവിങ്‌സിൽ നിന്നും 5.2% പേർ പേ ഡേ ലോണിൽ നിന്നും തുകകൾ എടുത്തു ഗ്രോസറികൾ വാങ്ങിയതായും കണ്ടെത്തി. ഒരു പേ ഡേ ലോൺ എടുക്കുമ്പോൾ അടുത്ത പേ ചെക്കിൽ നിന്ന് തിരിച്ചടക്കാമെന്നു ലോൺ എടുക്കുന്ന ആൾ വാഗ്ദാനം നൽകുന്നു. ഇതിനു നൽകേണ്ടി വരുന്ന പലിശ (15 ഡോളർ ഓരോ 100 ഡോളറിനും) മാസ തവണകളിൽ കുറവായി തോന്നാം. എന്നാൽ ഇത് ഒരു വർഷത്തേക്ക് കണക്കാക്കുമ്പോൾ അത്ര ചെറുതല്ല എന്ന് മനസിലാക്കാം. പലരും മറ്റൊരു ലോൺ എടുത്താണ് ആദ്യ ലോൺ തിരിച്ചടക്കുന്നത്.
2026 മേയിൽ ശരാശരി ക്രെഡിറ്റ് കാർഡുകളുടെ ബാക്കി 22.15% ആയിരുന്നു എന്ന് ഫെഡറൽ റിസേർവ് വിവരങ്ങൾ പറഞ്ഞു.