Image

ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാൻസർ പടർന്നു, കണ്ടു നിൽക്കാൻ കഴിയാത്ത വേദനയിലെന്നു മകൻ (പിപിഎം)

Published on 09 August, 2026
ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാൻസർ പടർന്നു, കണ്ടു നിൽക്കാൻ കഴിയാത്ത വേദനയിലെന്നു മകൻ (പിപിഎം)

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാൻസർ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും വ്യാപിച്ചെന്നും അദ്ദേഹം കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്നും മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി. "അത്യധികം ബലക്ഷയം ഉണ്ടാക്കുന്ന അവസ്ഥ."

"കണ്ടു നിൽക്കുന്നത് ഏറെ സങ്കടകരമാണ്," ഹണ്ടർ ബി ബി സിയോടു പറഞ്ഞു. "കാൻസർ വ്യാപിച്ചു. എല്ലുകൾക്കുള്ളിലേക്കും അതിനപ്പുറവും."

വളരെ ഗുരുതരമായ കാൻസർ പ്രോസ്റ്റേറ്റിനെ ബാധിച്ചെന്നു അധികാരമൊഴിഞ്ഞു മാസങ്ങൾക്കു ശേഷം 2025 മേയിൽ ജോ ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ ഫലപ്രദമായ ചികിത്സ സാധ്യമാണെന്നു അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

ഏറെ വികാരഭാരത്തോടെ സംസാരിച്ച ഹണ്ടർ ബൈഡൻ പറഞ്ഞത് പിതാവിന്റെ ആരോഗ്യ തകർച്ച കണ്ടു നിൽക്കുന്നത് ഏറെ കഠിനമാണെന്നാണ്. എന്നാൽ 83 വയസുള്ള പിതാവ് ഏറെ പരാതിയൊന്നും പറയാതെ പ്രവർത്തനനിരതനാണ്.

ജോ ബൈഡൻ സജീവമാണ് എന്നു ജൂണിൽ ഭാര്യ ജിൽ ബൈഡൻ പറഞ്ഞിരുന്നു.

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് പുറത്തു വരാനുള്ള ഓർമക്കുറിപ്പുകൾ അദ്ദേഹം എഴുതുന്നുണ്ട്. അതല്ലാതെ അദ്ദേഹം രാഷ്ട്രീയമായി ഇടപെടാറില്ല.

ജൂണിൽ പക്ഷെ മെരിലാൻഡിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ വാഷിംഗ്ടണിൽ പ്രസിഡന്റ് ട്രംപ് നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളെ ബൈഡൻ വിമർശിച്ചിരുന്നു. കെന്നഡി സെന്ററിനു ട്രംപ് സ്വന്തം പേരു ചേർത്തതായിരുന്നു ഒരു പ്രകോപനം. (അത് പിന്നീട് കോടതി റദ്ദാക്കി.) 

"സ്വന്തം പേരിൽ ആർച് പണിയുക, റിഫ്ലക്റ്റിംഗ് പൂൾ നന്നാക്കാൻ സ്വന്തം ആളെ നിയമിക്കുക -- എന്തൊരു പരാജിതൻ!" ബൈഡൻ പറഞ്ഞു.

ഹണ്ടർ ബി ബി സിയോടു പറഞ്ഞു: "അദ്ദേഹം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഈ രാജ്യത്തിൽ വിശ്വാസമുണ്ട്."

2024 ജൂണിൽ ട്രംപിനെതിരെ ഡിബേറ്റിൽ ജോ ബൈഡൻ അടിതെറ്റി വീഴുന്നതു കണ്ടപ്പോൾ താൻ പകച്ചുപോയെന്നു ഹണ്ടർ പറയുന്നു. "എന്തോ കുഴപ്പമുണ്ടെന്നു എനിക്കു മനസിലായി."

കുടുംബത്തിന്റെ നെടും തൂണാണ് പിതാവെന്നു ഹണ്ടർ പറഞ്ഞു. "ഏറ്റവും നല്ല പിതാവ്, ഏറ്റവും നല്ല ഭർത്താവ്, ഏറ്റവും നല്ല മുത്തശ്ശൻ."

Jo Biden suffering terrible pain after cancer spread 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക