
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു തുറന്നു കൊടുക്കണമെങ്കിൽ യുഎസ് ഏതാനും വ്യവസ്ഥകൾ പാലിക്കണമെന്നു ഇറാൻ ആവശ്യപ്പെട്ടു. ഇറാൻ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഖാദർ ആണ് ആവശ്യങ്ങൾ അവതരിപ്പിച്ചത്.
ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധവും ഇറാനെതിരെ തുടരുന്ന ഉപരോധവും പിൻവലിക്കണം എന്നതാണ് പ്രധാന ആവശ്യങ്ങൾ. ഈ രണ്ടു സാമ്പത്തിക നടപടികളും ഇറാനെ ഞെരുക്കുന്നതിനാൽ അവ പിൻവലിച്ചു ആശ്വാസം നൽകാൻ യുഎസ് തയാറായിട്ടില്ല. ഇറാനെതിരായ ഉപരോധം പിൻവലിച്ചാൽ അവരുടെ മരവിപ്പിച്ചിട്ടുള്ള ബില്യൺ കണക്കിനു ഡോളറിന്റെ ആസ്തികൾ വിട്ടു കൊടുക്കേണ്ടി വരും.
യുദ്ധത്തിൽ ഇറാനു സംഭവിച്ച നഷ്ടങ്ങൾക്കു പരിഹാരം നൽകണം എന്ന ആവശ്യവും സോൾഖാദർ ഉന്നയിച്ചതായി ഇറാൻ മാധ്യമങ്ങൾ പറയുന്നു. മേഖലയിൽ ഇറാന്റെ സൈനിക സഖ്യത്തിൽ പെട്ട പോരാളികൾക്കെതിരായ ആക്രമണങ്ങൾ നിർത്തുകയും ചെയ്യണം.
ആവശ്യങ്ങളോടു വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ലെന്നു 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു.
ഇറാന്റെ അണ്വായുധ പദ്ധതി ഉപേക്ഷിക്കാനുളള അന്തിമ കരാർ ഒപ്പുവച്ച ശേഷം മാത്രമേ ഉപരോധം പൂർണമായി പിൻവലിക്കൂ എന്നു ജൂണിൽ വെടിനിർത്തലിനു സമ്മതിച്ചപ്പോൾ യുഎസ് വ്യക്തമാക്കിയിരുന്നു.
ഹോർമുസ് നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഇറാനും ഒമാനും ചർച്ച നടത്തുമ്പോഴാണ് സോൾഖാദറുടെ പ്രസ്താവന വരുന്നത്. ഒമാനുമായുള്ള കരാറും അംഗീകരിക്കേണ്ടത് അദ്ദേഹം അംഗമായ സെക്യൂരിറ്റി കൗൺസിലാണ്.
എന്നാൽ അദ്ദേഹം ഉന്നയിക്കുന്ന ആവശ്യങ്ങൾ ആ കരാറിനും തടയിടുന്നതിനാൽ ഹോർമുസ് ഉടൻ സുഗമ ഗതാഗതത്തിനു തുറക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇറാൻ-ഒമാൻ ധാരണകൾ കൊണ്ടു മാത്രം ഹോർമുസ് തുറക്കില്ലെന്നു വിപ്ലവസേന ഐ ആർ ജി സി യുടെ വക്താവ് ഹുസെയിൻ മോഹബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് യുഎസിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന റിപ്പബ്ലിക്കൻ ആവശ്യം പ്രസിഡന്റ് ട്രംപിനു നടപ്പാക്കാൻ കഴിയണമെങ്കിൽ ഹോർമുസ് തുറക്കേണ്ടതുണ്ട്.
Iran sets terms to reopen Hormuz