
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ അഭിഭാഷകൻ ടോഡ് ബ്ലാഞ്ചിനെ യുഎസ് അറ്റോണി ജനറലായി സെനറ്റ് സ്ഥിരീകരിച്ചു. ശനിയാഴ്ച്ച പുലർച്ചെ നാലു മണിയോടെ നടന്ന വോട്ടെടുപ്പിൽ ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷമാണ് ബ്ലാഞ്ചിനു ലഭിച്ചത്.
ആക്റ്റിംഗ് അറ്റോണി ജനറലായിരുന്ന ബ്ലാഞ്ചിനു റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ വലിയ എതിർപ്പുണ്ടായതു മൂലമാണ് പാർട്ടിയുടെ സെനറ്റ് ഭൂരിപക്ഷം വോട്ടിംഗിൽ കാണാത്തത്. ബ്ലാഞ്ചിന്റെ നോമിനേഷൻ പിൻവലിക്കേണ്ടി വരുന്ന അവസ്ഥയിൽ വരെ ട്രംപ് എത്തിയത് വീണ്ടും തിരഞ്ഞെടുപ്പു നേരിടുന്നവരും അല്ലാത്തവരുമായ റിപ്പബ്ലിക്കൻ സെനറ്റർമാർ കടുത്ത എതിർപ്പു ഉയർത്തിയപ്പോഴാണ്.
എന്നാൽ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു ബ്ലാഞ്ചിനെതിരെ വോട്ട് ചെയ്തത് മെയ്ൻ സെനറ്റർ സൂസൻ കോളിൻസ്, അലാസ്ക സെനറ്റർ ലിസ മൂർക്കോവ്സ്കി എന്നിവരാണ്. എതിർപ്പു കാട്ടിയിരുന്ന സെനറ്റർ ബിൽ കാസിഡി (ലൂസിയാന) ഒടുവിൽ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബ്ലാഞ്ച് ജയിച്ചു കയറിയത്.
ട്രംപ് കൈപ്പിടിയിൽ ഒതുക്കാൻ ആഗ്രഹിക്കുന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റ് അദ്ദേഹത്തിന്റെ ഉറച്ച അനുയായിക്ക് ഏല്പിച്ചു കൊടുക്കാൻ റിപ്പബ്ലിക്കൻ അംഗങ്ങൾക്കു വരെ എതിർപ്പുണ്ടായപ്പോൾ ബ്ലാഞ്ച് കടമ്പ കടക്കില്ലെന്ന ആശങ്ക ഉയർന്നിരുന്നു. ഇന്റെർണൽ റവന്യു സർവീസിനെതിരായ ട്രംപിന്റെ $10 ബില്യൺ കേസ് ഒത്തുതീർക്കാൻ ബ്ലാഞ്ച് നടത്തിയ ഇടപെടൽ വിവാദമായിരുന്നു. ഐ ആർ എസ് ട്രംപിന്റെയും മക്കളുടെയും 2026 മേയ് മാസത്തിനു മുൻപുള്ള നികുതി വിവരങ്ങൾ പരിശോധിക്കാതെ തീർപ്പാക്കിയതാണു വിവാദത്തിനു കാരണം.
2020ൽ ട്രംപ് തിരഞ്ഞെടുപ്പ് തോറ്റ ശേഷം ജനുവരി 6നു ക്യാപിറ്റോളിൽ കലാപം നടത്തിയ അനുയായികളെ സഹായിക്കാൻ $1.8 ബില്യൺ ഫണ്ട് ഉണ്ടാക്കുക എന്ന വ്യവസ്ഥയും ആ തീർപ്പിൽ ഉണ്ടായിരുന്നത് പിൻവലിക്കാൻ ബ്ലാഞ്ച് തയാറായതോടെയാണ് കാസിഡി പിന്തുണ നൽകിയത്.
ഈ വർഷത്തെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപിന്റെ സ്ഥാനാർഥിയോടു തോറ്റു പുറത്തായ കാസിഡി ഒടുവിൽ വഴങ്ങിയപ്പോൾ ഏറ്റവും മുതിർന്ന വനിതാ അംഗങ്ങളായ മൂർക്കോവ്സ്കിയും കോളിൻസും എതിർപ്പിൽ ഉറച്ചു നിന്നു. ഈ ഭരണകൂടത്തിന്റെ ഏറ്റവും വഷളായ നിലപാടുകളെ എതിർക്കുന്ന അറ്റോണി ജനറലാണ് ആവശ്യമെന്നു അവർ പറഞ്ഞു. ബ്ലാഞ്ചിൽ തനിക്കു വിശ്വാസമില്ലെന്നു മൂർക്കോവ്സ്കി വ്യക്തമാക്കി.
Todd Blanche confirmed Attorney General