Image

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്; സ്‌നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി അനുവദിച്ച് സർക്കാർ

Published on 08 August, 2026
എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്; സ്‌നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ സ്നേഹസാന്ത്വനം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി. 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഇനിയും അവഗണിക്കപ്പെടേണ്ടവരല്ലെന്നും, ആ പാവങ്ങള്‍ക്ക് നല്‍കിയ വാക്ക് യു.ഡി.എഫ് സര്‍ക്കാര്‍ പാലിക്കുന്നുവെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അനുവദിച്ച തുകയില്‍ പ്രധാന പങ്കും ദുരിതബാധിതര്‍ക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ധനസഹായം ലഭിക്കുന്ന 5,208 എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള പ്രതിമാസ ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2,64,00,000 രൂപയും മാറ്റിവച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര്‍ ഗിവേഴ്സിന് നല്‍കുന്ന പ്രതിമാസ ധനസഹായമായ ആശ്വാസകിരണം പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തിയിട്ടുണ്ട്.

ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക