Image

മോഹൻലാലിന് വിസ കിട്ടിയില്ല, സിഡ്നി ഷോ മാറ്റിവെച്ചു

Published on 08 August, 2026
മോഹൻലാലിന് വിസ കിട്ടിയില്ല, സിഡ്നി ഷോ മാറ്റിവെച്ചു

മോഹൻലാൽ നയിക്കാനിരുന്ന സിഡ്നിയിലെ സംഗീത-ദൃശ്യ വിരുന്ന് വിസ ലഭിക്കാത്തതിനെ തുടർന്ന് അവസാന നിമിഷം മാറ്റിവെച്ചു. പ്രശസ്ത ഗായിക കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള സഹപ്രവർത്തകരെല്ലാം ഓസ്ട്രേലിയയിൽ എത്തിച്ചേർന്നിരുന്നെങ്കിലും, മോഹൻലാലിന് വിസ ലഭ്യമാകാത്തതിനാലാണ് പരിപാടി മാറ്റിവെക്കാൻ സംഘാടകർ നിർബന്ധിതരായത്. സംഭവത്തിൽ നിരാശനും നിസ്സഹായനുമായ താരം സംഘാടകർക്കും കാണികൾക്കുമായി വൈകാരികമായ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു.

സാങ്കേതിക തടസ്സമാണോ ക്ലറിക്കൽ പിഴവാണോ ഇതിന് പിന്നിലെന്ന് താൻ ആരായുന്നില്ലെന്നും, ഉത്തരവാദിത്തം സ്വന്തം ചുമലിൽ ഏറ്റെടുത്ത് എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഒരു കലാകാരനെന്ന നിലയിൽ തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി.

വളരെ സങ്കടകരമായ ഒരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുള്ള അഭിനേതാക്കളിൽ ഒരാളായിരിക്കും ഞാൻ. ഏറ്റവും മികച്ചൊരു കോൺസെപ്റ്റുമായി നിങ്ങളുടെ മുന്നിലേക്ക് വരാനാണ് ശ്രമിച്ചത്. കെ.എസ്. ചിത്ര അടക്കമുള്ള എന്റെ സഹകലാകാരന്മാർ എല്ലാവരും സിഡ്നിയിൽ എത്തിയിട്ടുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അത് എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല.

സാങ്കേതിക തടസ്സമാണോ അതോ ക്ലറിക്കൽ പിഴവാണോ എന്ന് അന്വേഷിക്കാൻ ഞാൻ നിൽക്കുന്നില്ല. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം എന്റെ തെറ്റായി കണ്ട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. മണിക്കൂറുകളോളം ഡ്രൈവ് ചെയ്തും മറ്റും ഷോ കാണാൻ എത്തിച്ചേർന്ന എല്ലാ പ്രിയപ്പെട്ടവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ മാപ്പപേക്ഷിക്കുന്നു.

ഇതേ ടീമുമായി തന്നെ ഞങ്ങൾ തിരികെ വരികയും അതിഗംഭീരമായ ഒരു ഷോ സംഘടിപ്പിക്കുകയും ചെയ്യും. എല്ലാവരുടെയും സൗകര്യം കൂടെ പരിഗണിച്ച് പുതിയ തീയതി പിന്നീട് അറിയിക്കാം. ഞാൻ പൂർണ്ണമായും നിസ്സഹായനാണ്, എന്റെ ഈ ക്ഷമാപണം നിങ്ങൾ സ്വീകരിക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക