Image

വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം; ക്വിസ് വിവാദത്തിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 08 August, 2026
വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം; ക്വിസ് വിവാദത്തിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 എന്ന മത്സരത്തിലെ ചോദ്യമാണ് വിവാദമായത്. ഇതിനു പിന്നാലെയാണ് നടപടി.

കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ ചരിത്രവിരുദ്ധമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

ഓഗസ്റ്റ് 6 ന് ഫ്രീഡം ക്വിസ് എന്ന പേരിൽ ഈ പ്രദേശങ്ങളിൽ സംഘടിപ്പിച്ച മത്സരം വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ട ഒന്നല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ പ്രാദേശികമായി അനൗദ്യോഗിക ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യ ശാസ്ത്ര ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

​ചരിത്രത്തിന്റെ പിൻബലമില്ലാത്തതും പൂർണ്ണമായും തെറ്റായതുമായ ചോദ്യങ്ങൾ കുട്ടികളിലേക്ക് എത്തിച്ചത് ദുരുദ്ദേശപരമാണ്. ഇത്തരം ശ്രമങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെറ്റായ ചോദ്യങ്ങൾ തയ്യാറാക്കി മത്സരം നടത്തിയവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും അന്വേഷണത്തിലൂടെ കണ്ടെത്തി അവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതാണെന്ന് എൻ. ഷംസുദീൻ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക