Image

പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ തുടരുന്നു; 'മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, സിസ്റ്റമാണ് എന്നെ ഇങ്ങനെ ആക്കിയത്'

Published on 08 August, 2026
പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ തുടരുന്നു; 'മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, സിസ്റ്റമാണ് എന്നെ ഇങ്ങനെ ആക്കിയത്'

 കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും കേരളാ പോലീസിന്റെ ഉറക്കം കെടുത്തി പഴയ ഡിവൈഎഫ്ഐ നേതാവ്-ക്രിമിനൽ കേസ് പ്രതിയായ  അർജുൻ ആയങ്കി  ഒളിവിൽ തുടരുന്നു. പൊലീസും അന്വേഷണസംഘവും പലരെയും കസ്റ്റഡിയിലെടുത്തെങ്കിലും ആയങ്കി എവിടെയുണ്ടെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, ഒളിവിലിരുന്നുകൊണ്ട് ആയങ്കിയും കൂട്ടരും പുറത്തുവിടുന്ന വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ കളം വാഴുകയാണ്.

സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപകമായ അന്വേഷണം നടത്തുമ്പോഴും പോലീസിന് യാതൊരുവിധ തുമ്പും ലഭിക്കാതെ പ്രതി ഒളിവിൽ തുടരുകയാണ്. പോലീസിന്റെ സകല നീക്കങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഇയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിൽ പ്രത്യേക ഗുണ്ടാവേട്ടയാണ് പോലീസ് ഇപ്പോൾ നടത്തിവരുന്നത്. എന്നാൽ ദിവസങ്ങളായി തുടരുന്ന ശക്തമായ അന്വേഷണത്തിനിടയിലും അർജുൻ ആയങ്കിയുടെ യഥാർത്ഥ ലൊക്കേഷനോ കൃത്യമായ വിവരങ്ങളോ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളെല്ലാം വഴിമുട്ടിയ അവസ്ഥയിലാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഒളിവിൽ കഴിയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും ഏറെ വലയ്ക്കുന്നുണ്ട്.

കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രതിക്കായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ വീണ്ടും സോഷ്യൽമീഡിയ പോസ്റ്റുമായി അർജുൻ ആയങ്കി രംഗത്തെത്തി . പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചുകൊണ്ടാണ് അർജുൻ ആയങ്കിയുടെ പുതിയ പോസ്റ്റ്. മുട്ടിന് വെടിവച്ചാലും മുട്ടുകുത്തില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ തീവ്രവാദിയാക്കിയെന്നും ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.

കള്ളക്കേസെടുത്ത് ജീവിതം താറുമാറാക്കി. തന്നെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും കുറിപ്പില്‍ പറയുന്നു. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല താനുള്ളതെന്നും കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താനെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്.

കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം അയാളെന്തിനങ്ങനെ ചെയ്തു ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ . മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല- എന്നാണ് അർജുൻ കുറിച്ചത്.

അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമിലും വെല്ലുവിളിച്ചുകൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. കേസിനായി ഫണ്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്. കേസ് നടത്തിപ്പിനായി എല്ലാവരും സംഭാവന ചെയ്യണമെന്നും കോടീശ്വരനെന്ന് ശത്രുക്കള്‍ വെറുതെ പറയുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

അതിനിടെയാണ് വൈകുന്നേരത്തോടെ ആയങ്കിയുടെ സ്വന്തം നാടായ വളപട്ടണത്തുനിന്ന് ഭാര്യയുടെ പേരിലുള്ള കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതെന്നാ ണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായും, അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു മണിക്കൂറോളം ചെലവഴിച്ചതായും സൂചനയുണ്ട്. സോഷ്യൽ മീഡിയയിൽ നൂറുകണക്കിന് ആരാധകരുള്ള ആയങ്കിയുടെ സോഷ്യൽ മീഡിയ സഹപ്രവർത്തകരും കൂട്ടാളികളുമാണ് നിലവിൽ പിടിയിലായിട്ടുള്ളത്.

ആയങ്കിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി, സംസ്ഥാനത്തെ ഗുണ്ടകളെ പിടികൂടാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഗ്രിപ്പ്' എന്ന പേരിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചു. 

ഇതേസമയം നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ചു  . ആകെയുള്ള നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ശനിയാഴ്ച പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയാണ് ജാമ്യം നൽകിയത്.

കോതമംഗലം കോടതി അവധിയായതിനെ തുടർന്ന് പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഊന്നുകല്ല് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 ഏറ്റവുമൊടുവിൽ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. അർജുനെ പിടികൂടാൻ പൊലീസ് സംസ്ഥാനമൊട്ടാകെ വ്യാപകമായി തെരച്ചിൽ നടത്തിവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക