
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ പോൾ കെ.പി പോളിനെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണർക്ക് മന്ത്രി എപി അനിൽകുമാർ നിർദേശം നൽകി. കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.
സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. രാജേഷിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
എംബാം ചെയ്യാതെയും മതിയായ ഫ്രീസർ സൗകര്യമില്ലാതെയുമാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആംബുലൻസ് ഡ്രൈവർമാരാണ് അനാസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളത്തിൽ വീണുമരിച്ചതിനാൽ ശരീരം വീർത്ത അവസ്ഥയിലായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ ഉപയോഗിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, യാതൊരു മുൻകരുതലുമില്ലാതെയാണ് മൃതദേഹം കൊണ്ടുപോയത്.
രാജേഷിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ആരോപിച്ചു. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് കണ്ണൂർ കലക്ടർക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞെങ്കിലും പണം മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ഈക്കാര്യം വാർഡ് മെമ്പറും സ്ഥിരീകരിച്ചു. ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിയിരുന്നു. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും പണം ചോദിച്ചതെന്നാണ് തഹസിൽദാരുടെ വിശദീകരണം.