
ആലപ്പുഴ : യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴ സന്ദർശനം പൂർത്തിയാക്കി കൊച്ചിയിലേക്ക് മടങ്ങി. സ്വകാര്യ വിനോദയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ ബൂലോസ് ആലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഹൗസ്‌ബോട്ട് യാത്ര നടത്തിയ ശേഷമാണ് കൊച്ചിയിലേക്ക് മടങ്ങിയത്.
ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. ബോട്ട് യാത്രയും വള്ളംകളിയും കണ്ട ശേഷമാണ് കൊച്ചിയിലേക്ക് മടങ്ങിയത്.
"ഇത് ആദ്യമായാണ് ഇത്ര മനോഹരമായ ഒരു സംസ്ഥാനം കാണുന്നത്. ഒരുപാട് ഇഷ്‌ടപ്പെട്ടു. ഇനിയം വരണമെന്നാണ് ആഗ്രഹം. ഡൽഹിയിലേക്ക് തിരികെ പോകുന്നതിന് മുമ്പ് കൊച്ചിയും കാണണം. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ഇനിയും കേരളത്തിലേക്ക് വരുമെന്ന്" സെർജിയോ ഗോർ പറഞ്ഞു.
രാവിലെ ചാർട്ടേഡ് വിമാനത്തിൽ ബെംഗളൂരുവിലെത്തിയ ബൂലോസും സംഘവും പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നിന്നാണ് റോഡ് മാർഗം ആലപ്പുഴയിലേക്ക് എത്തിയത്. എട്ട് പേരടങ്ങുന്ന സംഘമാണ് മൈക്കൽ ബൂലോസിന് ഒപ്പമുള്ളത്. അമേരിക്കൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴയിലെ സ്‌പൈസ് റൂട്ട് ഹൗസ്‌ബോട്ടിലാണ് മൈക്കൽ ബൂലോസ് കായൽ യാത്ര നടത്തിയത്. വേമ്പനാട് കായലിൻ്റെ പ്രകൃതി ഭംഗി ആസ്വദിച്ചതിനൊപ്പം നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ട്രയൽ കാണാനും അദ്ദേഹത്തിന് അവസരമൊരുക്കിയിരുന്നു.