Image

ടെക്സസ് സെനറ്റ് ഡെമോക്രാറ്റിക് സ്ഥാനാർഥി തലറിക്കോ മുൻപോട്ട് വയ്ക്കുന്ന 'പുതിയ അമേരിക്കൻ സ്വപ്നം'

ഏബ്രഹാം തോമസ് Published on 08 August, 2026
ടെക്സസ് സെനറ്റ് ഡെമോക്രാറ്റിക് സ്ഥാനാർഥി തലറിക്കോ മുൻപോട്ട് വയ്ക്കുന്ന 'പുതിയ അമേരിക്കൻ സ്വപ്നം'

ഓസ്റ്റിൻ: 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയിംസ് തലറിക്കോ തന്റെ പുതിയ അമേരിക്കൻ സ്വപ്നത്തെ കുറിച്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പു വാഗ്ദാനമായി കരുതാവുന്ന സ്വപ്നം ഇങ്ങനെയാണ് ചുരുളഴിയുന്നത് - മെഡിക്കൽ കടങ്ങൾ എഴുതി തള്ളുക, ടെക്സസുകാർക്കു ഭവനങ്ങൾ വാങ്ങുവാൻ സഹായിക്കുക, ചൈൽഡ് ടാക്സ് ക്രെഡിറ്റ് ദീർഘ കാലത്തേക്ക് നീട്ടുക എന്നിവയാണ് തലറിക്കോ വിവരിച്ച സ്വപനത്തിലെ ഉള്ളടക്കം.

ഇത്തരം സ്വപ്‌നങ്ങൾ ടെക്സസുകാരും അമേരിക്കക്കാരും കാണാൻ തുടങ്ങിയിട്ട് ദശകങ്ങൾ ആയി. അമേരിക്കൻ സ്വപ്നം പോലെ ഇത് ദീർഘ കാല സ്വപ്നമായി തുടരാതിരിക്കട്ടെ എന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

ഇതിനിടയിൽ തലറിക്കോയുടെ ഒരു നീക്കവും വിവാദമായി. അഞ്ചു തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുമ്പോൾ താൻ ടെക്സസ് നിവാസിയാണെന്നു വരുത്തുവാൻ തന്റെ മാതാപിതാക്കളുടെ ഓസ്റ്റിനിലെ വീടിനടുത്തുതന്നെ തലറിക്കോ ഒരു ഭവനം വാങ്ങിയിരുന്നു.

റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി, ഇപ്പോൾ അറ്റോർണി ജനറലായ കെൻ പാക്സ്റ്റണിന്റെ, വാസസ്ഥലത്തെക്കുറിച്ചും തലറിക്കോ ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു. സ്ഥാനാർത്ഥിയുമായി പിണങ്ങി പിരിഞ്ഞ ഭാര്യ ആരോപിച്ചത് പാക്സ്റ്റൺ ഏറെ കാലമായി ഈ വീട്ടിൽ താമസിക്കുന്നില്ല എന്നാണ്. തലറിക്കോ എപ്പോഴാണ് പുതിയ വീട്ടിൽ താമസമായതെന്നോ ഇപ്പോഴും അവിടെയാണോ തുടരുന്നതെന്നോ വ്യക്തമല്ല എന്നും ചിലർ പറയുന്നു.

ടെക്സസ് സംസ്ഥാനം റെസിഡൻസി തീരുമാനിക്കുന്നത് പല കാരണങ്ങളാണ് എന്ന് പറയുന്നുണ്ട്. ഈ നിയമം ലംഘിച്ചു എന്നാരോപിക്കുമ്പോൾ അതിനും വ്യക്തമായ തെളിവുകൾ (സ്ഥാനാർഥി അറിഞ്ഞു കൊണ്ട് മനപൂർവം റെസിഡൻസി യോഗ്യത സൃഷ്ടിച്ചതാണെന്ന്) ഹാജരാക്കണമെന്നും നിയമം അനുശാസിക്കുന്നു. തലറിക്കോ ഹാജരാക്കിയ രേഖകൾ സ്ഥാനാർത്ഥിയുടെ റെസിഡൻസി തെളിയിക്കുന്നുണ്ട് എന്ന് അനുയായികൾ പറയുമ്പോൾ എതിരാളികൾ ഒരു എലെക്ഷൻ ഫ്രോഡ് തന്നെ ആരോപിക്കിന്നു.

പാക്സ്റ്റൺ കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിൽ (രണ്ടു വർഷങ്ങൾക്കുള്ളിൽ) താൻ വസിക്കാത്ത ഭവന വിലാസം ഉപയോഗിച്ച് വോട്ടു ചെയ്തു എന്ന് ചില മാധ്യമങ്ങൾ ആരോപിച്ചു. പാക്സ്റ്റണും അനുയായികളും മാധ്യമങ്ങളുടെ റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക