Image

ട്രംപിന്റെ $400 മില്യൺ ബോൾറൂം പദ്ധതി നിർത്തി വയ്ക്കാൻ അപ്പീൽസ് കോടതി ഉത്തരവ് (പിപിഎം)

Published on 08 August, 2026
ട്രംപിന്റെ $400 മില്യൺ ബോൾറൂം പദ്ധതി നിർത്തി വയ്ക്കാൻ അപ്പീൽസ് കോടതി ഉത്തരവ് (പിപിഎം)

വൈറ്റ് ഹൗസിൽ $400 മില്യൺ ബോൾറൂം നിർമിക്കാനുള്ള പദ്ധതി നിർത്തി വയ്ക്കാൻ പ്രസിഡന്റ് ട്രംപിനോടു ഫെഡറൽ അപ്പീൽ കോടതി ആവശ്യപ്പെട്ടു. എന്നാൽ സുപ്രീം കോടതിയുടെ വിലയിരുത്തലിനായി ഉത്തരവ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ട് കോടതി ഉത്തരവ് 14 ദിവസത്തേക്ക് മരവിപ്പിക്കയും ചെയ്തു.

വെള്ളിയാഴ്ച്ചത്തെ കോടതി തീർപ്പു 2-1 എന്ന നിലയിൽ ആയിരുന്നു. ഭൂരിപക്ഷ വിധിയിൽ പട്രീഷ്യ മില്ലറ്റ്, ബ്രാഡ്‌ലി ഗാർഷ്യ എന്നീ ജഡ്‌ജിമാർ പറഞ്ഞു: "ഓരോ പ്രസിഡന്റും വൈറ്റ് ഹൗസിൽ താത്കാലിക താമസക്കാരനാണ്, ഉടമയല്ല. ആ വസ്തുവിന്റെ മേൽ ഭരണഘടനാപരമായി പ്രസിഡന്റിനു അധികാരമൊന്നുമില്ല. വന്നു പോകുന്ന ഓരോ പ്രസിഡന്റിനും ഉപയോഗിക്കാൻ രൂപകൽപന ചെയ്തു പരിപാലിക്കുന്ന  വൈറ്റ് ഹൗസ് അമേരിക്കൻ ജനതയ്ക്കും വേണ്ടിയുള്ളതാണ്." 

സ്വകാര്യമായി പിരിച്ച പണം കൊണ്ട് ഏതെങ്കിലും പ്രസിഡന്റ് ഏകപക്ഷീയമായി വൈറ്റ് ഹൗസിന്റെ ഭാഗങ്ങൾ പൊളിച്ചു പണിതതായി ചരിത്രമില്ലെന്നും  കോടതി ചൂണ്ടിക്കാട്ടി. "കോൺഗ്രസ് അംഗീകരിച്ച കെട്ടിട നിർമിതി നടന്നത് നികുതി നൽകുന്ന അമേരിക്കക്കാരുടെ പണം കൊണ്ടാണ്."

നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസെർവേഷൻ നൽകിയ പരാതിയിൽ പ്രതികരിച്ച കോടതി തുടർന്നു: "2025 ഒക്ടോബറിൽ വെറും മൂന്നു ദിവസം കൊണ്ടു കോൺഗ്രസിന്റെ അഭിപ്രായം ചോദിക്കയോ അനുമതി തേടുകയോ ചെയ്യാതെ വൈറ്റ് ഹൗസ് ഈസ്റ്റ് വിങ് പൂർണമായി പൊളിച്ചു കളഞ്ഞു. എന്നിട്ടു കോൺഗ്രസ് അനുമതി ഇല്ലാതെ 90,000 ചതുരശ്ര അടിയിൽ പടുകൂറ്റൻ ബോൾറൂം സ്വകാര്യമായി പിരിച്ച പണം കൊണ്ടു നിർമിക്കാൻ ഉത്തരവിടുകയും ചെയ്തു." 

ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ വിലയിരുത്തൽ ആവശ്യമാണെങ്കിൽ അതിനു ഭരണകൂടത്തിന് 14 ദിവസത്തെ സാവകാശം നൽകാമെന്നു കോടതി പറഞ്ഞു.

യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ്‌ റിച്ചാർഡ് ലിയോൺ 2026 മാർച്ചിൽ ബോൾറൂം നിർമാണം തടഞ്ഞതിനെ തുടർന്നാണ് ഭരണകൂടം അപ്പീൽ കോടതിയിൽ എത്തിയത്.

അമേരിക്കയുടെ പുനർനിർമിതിയുടെ പ്രതീകമാണ് വൈറ്റ് ഹൗസിന്റെ പുനർ നിർമാണമെന്നു ജൂലൈയിൽ ട്രംപ് പറഞ്ഞിരുന്നു. "അതിൽ ദേശീയമായ കരുത്തും ചരിത്രവും ആത്മവിശ്വാസവും പ്രതിഫലിക്കുന്നു."

US court blocks Trump's $400-mn White House ballroom

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക