Image

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കും; മന്ത്രി സിപി ജോണ്‍

Published on 07 August, 2026
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കും;  മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനു വേണ്ടിയുള്ള തിരച്ചില്‍ നാളെ മുതല്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഷിജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മന്ത്രി സിപി ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രാദേശിക അനുഭവസമ്പത്തുള്ള മത്സ്യത്തൊഴിലാളികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. മുതലപ്പൊഴിയിലെ കടലിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്നതും ധൈര്യശാലികളുമായ 10 മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് കളക്ടറേറ്റിന്റെ രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം.

ഷിജിനെ കാണാതായി ഏഴുദിവസം പിന്നിട്ട വേളയിലാണ് മന്ത്രിയുടെ ഇടപെടല്‍. നിലവിലെ തിരച്ചില്‍ മന്ദഗതിയിലാണെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് സിപി ജോണ്‍ നേരിട്ടെത്തി ആശ്വാസമേകിയത്. ഷിജിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായത്തിന്റെ കാര്യം വരുന്ന ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി.

ജൂലൈ 31ന് മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് അഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേര്‍ നീന്തി രക്ഷപെട്ടു. ഷിജിനൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തിയിരുന്നു. അപകടം നടന്നയിടത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെ കണ്ണാന്തുറയിലാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക