
ഡൽഹി: തിങ്കളാഴ്ച വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (എഫ്.സി.ആർ.എ) ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ളതിനാലും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതിനാലും സഭയിൽ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കാനും സഖ്യത്തിന്റെ ശക്തി തെളിയിക്കാനും ആദ്യ നടപടികളിലേക്ക് കടന്ന് പ്രതിപക്ഷം.
ഓഗസ്റ്റ് 10, 11, 12 തീയതികളിൽ ലോക്‌സഭയിൽ ഹാജരാകാൻ നിർദ്ദേശിച്ച് കോൺഗ്രസ് വെള്ളിയാഴ്ച എംപിമാർക്ക് ത്രീ-ലൈൻ വിപ്പ് നൽകി. മറ്റു പ്രതിപക്ഷ പാർട്ടികളും വൈകാതെ വിപ്പ് നൽകിയേക്കുമെന്നാണ് വിവരം. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 13 ന് അവസാനിക്കാനിരിക്കെ, സമ്മേളനം നീട്ടാൻ ഇതുവരെ നിർദ്ദേശമൊന്നുമില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ, തിങ്കളാഴ്ച മുതൽ എല്ലാ പാർട്ടികളിലെയും എംപിമാർ സഭയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ, വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ അമിത് ഷാ വിശദീകരണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇതേ ചൊല്ലി വലിയ ബഹളത്തിനാണ് കഴിഞ്ഞ ദിവസങ്ങളിലായി സഭ സാക്ഷിയായത്.