
ന്യൂഡൽഹി; വായ്പ തിരിച്ചടവുകളിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ ബാങ്കുകളും റിക്കവറി ഏജൻസികളും മാനസികമായി പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയാൻ പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). വായ്പ തിരിച്ചടവ് റിക്കവറി പ്രക്രിയകളിൽ സുതാര്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആർ ബി ഐയുടെ ഈ ഇടപെടൽ.
2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വരുന്നത്.
വായ്പ എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുക എന്നതാണ് ആർ ബി ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. റിക്കവറി ഏജൻസികളുടെ കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ബാങ്കുകൾക്ക് വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് പുതിയ ഡയറക്ഷൻസ് പുറത്തിറക്കിയത്.
മേയ് മാസത്തിൽ പുറത്തുവിട്ട കരട് നിർദ്ദേശങ്ങളിൽ വിവിധ പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.