
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ പുതിയ വഴിത്തിരിവ്. ചെങ്കിൽപേട്ട് കുടുംബ കോടതിയിൽ നൽകിയിരുന്ന വിവാഹമോചന ഹരജി സംഗീത പിൻവലിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഹരജി പിൻവലിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ജൂൺ 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും ഇരുവിഭാഗവും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വാദം ഓഗസ്റ്റ്ലേക്ക് മാറ്റിയിരുന്നു.
വലിയ പൊതുജനശ്രദ്ധ നേടിയ കേസിൽ ഇരുവരും തമ്മിൽ ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹരജി പിൻവലിച്ച നടപടി. 2025 ഡിസംബർ 23നാണ് സംഗീത വിജയിക്കെതിരെ ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹര് ജി നൽകിയത്. പിന്നീട് കേസ് കുടുംബ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ഏപ്രിൽ 20ന് നടന്ന വാദത്തിനിടെ ഇരുവരും പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാ കാരണങ്ങളും നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുമതി തേടിയിരുന്നു. എന്നാൽ നേരിട്ട് ഹാജരാകാൻ കഴിയുന്ന തീയതി അറിയിക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് ജൂണിൽ ഹാജരാകാമെന്ന് അഭിഭാഷകർ അറിയിച്ചിരുന്നു. തുടർന്ന് ജൂൺ 15ന് കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാത്തതിനാൽ തുടർനടപടികൾ മാറ്റിവെക്കുകയായിരുന്നു.