Image

ചരിത്രമെഴുതി ഡോ. അനിൽ മേനോൻ; സ്പേസ്‌വാക്ക് നടത്തുന്ന ആദ്യ മലയാളി

Published on 07 August, 2026
ചരിത്രമെഴുതി ഡോ. അനിൽ മേനോൻ; സ്പേസ്‌വാക്ക് നടത്തുന്ന ആദ്യ മലയാളി

ഇന്ത്യൻ വംശജനും മലയാളിയുമായ നാസ ബഹിരാകാശയാത്രികൻ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തുകടന്നതിന് ശേഷം തന്റെ ആദ്യ സ്‌പേസ്‌വാക്ക് നടത്തി. 

ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നരേം 5.30ഓടെയാണ് ദൗത്യം ആരംഭിച്ചത്. ഭാവിയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി 3B പവർ ചാനൽ സജ്ജമാക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നതെന്ന് നാസ വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ അനിൽ മേനോൻ, നിലവിലെ ദൗത്യത്തിൽ മൂന്ന് സ്‌പേസ്‌വാക്കുകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അവസാനം ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ റോൾ-ഔട്ട് സോളാർ അറേ (IROSA) സ്ഥാപിക്കുന്നതിനായി ഭ്രമണപഥ ലബോറട്ടറിയെ സജ്ജമാക്കുമെന്ന് പ്രസ്താവനയിൽ നാസ പറഞ്ഞു. ഇവ സ്ഥാപിച്ചു കഴിഞ്ഞാൽ, സുരക്ഷിതവും നിയന്ത്രിതവുമായ ഡിഓർബിറ്റ് ഉൾപ്പെടെയുള്ള പ്രധാന നിലയങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് സോളാർ പാനലുകൾ അധിക ഊർജ്ജം നൽകുമെന്നും നാസ കൂട്ടിച്ചേർത്തു. 
ഓഗ്‌മെന്റഡ് റിയാലിറ്റിയും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചുള്ള അൾട്രാസൗണ്ട് പരിശോധനകൾ, ഇൻട്രാവീനസ് ഫ്ലൂയിഡുകൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ബഹിരാകാശത്തുള്ള സമയത്ത് അനിൽ മേനോൻ മറ്റ് സുപ്രധാന ജോലികളും നിർവ്വഹിക്കും.

എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്‌പേസ് ഫോഴ്‌സിലെ കേണലുമായ അനിൽ മേനോൻ 2014-ൽ ഫ്ലൈറ്റ് സർജനായാണ് നാസയിൽ ചേരുന്നത്. സോയൂസ് ദൗത്യങ്ങളായ സോയൂസ് 39, സോയൂസ് 43 എന്നിവയുടെ ഡെപ്യൂട്ടി ക്രൂ സർജൻ എന്ന നിലയിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാല് ദീർഘകാല ക്രൂ അംഗങ്ങളെ അദ്ദേഹം സഹായിച്ചു.

2021 ഡിസംബറിൽ നാസ അനിൽ മേനോനെ ബഹിരാകാശയാത്രികനായി തിരഞ്ഞെടുത്തു. തുട‌‌‌ർന്ന് രണ്ട് വർഷത്തെ പ്രാഥമിക ബഹിരാകാശയാത്രാ പരിശീലനം പൂർത്തിയാക്കുന്നതിനായി 2022 ജനുവരിയിൽ അദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

അനിൽ മേനോൻ റോട്ടറി അംബാസഡോറിയൽ സ്‌കോളറായി ഒരു വർഷം ഇന്ത്യയിൽ ചെലവഴിക്കുകയും പോളിയോ വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
Jayan varghese 2026-08-07 14:12:12
ഈ ചാട്ടവും മറിച്ചിലും ഒക്കെ കഴിഞ്ഞിട്ടാണല്ലോ അര നൂറ്റാണ്ടിനും മുൻപേ നീൽ ആംസ്‌ട്രോങും സംഘവും ചന്ദ്രനിലിറങ്ങി അവിടത്തെ പാറക്കഷണങ്ങളുമായി മടങ്ങി വന്നു എന്ന് പറയുന്നത് ? എങ്കിൽപ്പിന്നെ എന്തിനാണ് പോസ്റ്റുഗ്രാജുവേഷൻ കഴിഞ്ഞയാൾ ഇപ്പോൾ ഒന്നാം ക്‌ളാസിൽ ചെന്നിരുന്നു തറ പറ എന്ന് എഴുതി പഠിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക