Image

ജോൺ തുണിനെ അംഗീകരിക്കാൻ ട്രംപ് വിസമ്മതിച്ചു, ജെഫ്രിസിനു പ്രശംസ (പിപിഎം)

Published on 07 August, 2026
ജോൺ തുണിനെ അംഗീകരിക്കാൻ ട്രംപ് വിസമ്മതിച്ചു, ജെഫ്രിസിനു പ്രശംസ (പിപിഎം)

സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവായ ജോൺ തുണിനെ അംഗീകരിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ബുധനാഴ്ച്ച വിസമ്മതിച്ചു. "നമുക്ക് നോക്കാം, ഞാൻ നിങ്ങളെ അറിയിക്കാം," അദ്ദേഹം പറഞ്ഞു.  

സേവ് അമേരിക്ക ആക്ട് പാസാക്കാൻ സെനറ്റിൽ ആവശ്യമായ പിന്തുണ നേടാൻ കഴിയാത്തതിന്റെ പേരിലാണ് ട്രംപിനു രോഷം. വോട്ടിങ്ങിനു വോട്ടർ ഐ ഡിയും മറ്റൊരു തിരിച്ചറിയൽ രേഖയും വേണമെന്നു വ്യവസ്ഥ ചെയ്യുന്ന ബിൽ തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടക്കുന്നതു തടയാനാണെന്നു ട്രംപ് പറയുന്നു. അത് നവംബർ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് പാസാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നടപ്പാക്കാൻ തുണിനു കഴിഞ്ഞിട്ടില്ല.

സെനറ്റിലെ ഒരു വിഭാഗം റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തു നിൽക്കുന്നതു കൊണ്ട് ബിൽ തടഞ്ഞു നിൽപ്പാണ്. "അദ്ദേഹത്തിനു ആവശ്യമായ വോട്ടില്ലാത്തതു നിർഭാഗ്യമാണ്," ട്രംപ് പറഞ്ഞു.  

തുണുമായി അഭിപ്രായ വ്യത്യാസം ഉണ്ടോ എന്ന് എടുത്തു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "ഞങ്ങൾ ഒത്തു പോകുന്നു, പക്ഷെ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്."

ജെഫ്രിസ് കൊള്ളാമെന്നു ട്രംപ്

യുഎസ് ഹൗസിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസുമായി ഒത്തുപോകാൻ പ്രയാസമില്ലെന്നു ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകൾ ഹൗസിൽ ഭൂരിപക്ഷം നേടിയാലും പ്രശ്നമില്ല.

"അദ്ദേഹം നല്ലയാളാണ്. ഇവിടെ വന്നിട്ടുണ്ട്, നല്ലൊരു കൂടിക്കാഴ്ച്ച ആയിരുന്നു," 2025ൽ ജെഫ്രിസിനെ വൈറ്റ് ഹൗസിൽ വച്ചു കണ്ടത് ഓർമിച്ചു ട്രംപ് പറഞ്ഞു.

ജെഫ്രിസ് വിമർശിച്ചിട്ടുള്ളത് ചോദിച്ചപ്പോൾ മറുപടി: "അദ്ദേഹം വിമർശിച്ചിട്ടുണ്ട്. ഞാൻ തിരിച്ചും വിമർശിച്ചിട്ടുണ്ട്."

Trump disappointed with Thune 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക