
ജന്മാവകാശ പൗരത്വം അസാധ്യമാക്കാനുള്ള ഉറച്ച തീരുമാനത്തിൽ വ്യാഴാഴ്ച്ച പുതിയ രണ്ടു എക്സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പുവച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് സുപ്രീം കോടതിക്കെതിരെ വിമർശനം നടത്തി. തന്റെ മുൻ ഉത്തരവ് നിയമവിരുദ്ധമാണെന്ന കോടതി പ്രഖ്യാപനം നിർഭാഗ്യകരമായെന്നും അതു കൊണ്ടാണ് വീണ്ടും ഉത്തരവ് വേണ്ടി വന്നതെന്നും ട്രംപ് പറഞ്ഞു.
ജന്മാവകാശ പൗരത്വത്തിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കയാണെന്നു അദ്ദേഹം പറഞ്ഞു. അമേരിക്കൻ കുടിയേറ്റ നിയമം ദുരുപയോഗം ചെയ്യുകയാണ്, അതു തടയും. "ജന്മാവകാശ പൗരത്വം അവർ ഒരു തമാശയാക്കി."
ചില വിദേശീയരുടെ മക്കൾ യുഎസിൽ ജനിച്ചാലും പൗരത്വത്തിനു അവകാശം ലഭിക്കില്ല എന്നതാണ് ഒരുത്തരവ്. നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ പെടുന്നു. രണ്ടാം ഉത്തരവ് ബാധിക്കുന്നത് യുഎസിൽ പ്രസവിക്കാൻ മാത്രം എത്തുന്ന ടൂറിസ്റ്റുകളെയാണ്. അവരെ തടയാനുള്ള അധികാരം പ്രസിഡന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി എന്നിവർക്കു നൽകുന്നു.
പതിന്നാലാം ഭേദഗതിയുടെ യഥാർഥ ലക്‌ഷ്യത്തിൽ വേരുറച്ചതാണ് ഈ എക്സിക്യൂട്ടീവ് നടപടികളെന്നു വൈറ്റ് ഹൗസ് അഡ്വൈസർ സ്റ്റീഫൻ മില്ലർ പറഞ്ഞു. "സിവിൽ വാറിനു ശേഷം അടിമകളുടെ കുട്ടികൾക്കു പൗരത്വം നൽകാൻ മാത്രമാണ് ആ നിയമം ഉണ്ടാക്കിയത്.
"യുഎസിലെ വിദേശിയരായ ശത്രുക്കൾ, ഭീകര സംഘടനകളിലെ അംഗങ്ങൾ, വിദേശ സർക്കാരുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒട്ടനവധി ആളുകൾ ഇവരെയൊക്കെ ആ നിയമം ചൂഷണം ചെയ്യുന്നതിൽ നിന്നു തടയാൻ പ്രസിഡന്റ് ആഗ്രഹിക്കുന്നു."