Image

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും പ്രതി പട്ടികയിൽ

Published on 06 August, 2026
ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും പ്രതി പട്ടികയിൽ

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് വിജിലന്‍സ്. വിജിലന്‍സിന്റെ എഫ്ഐആറില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്തും, ബോര്‍ഡ് അംഗം അജികുമാറും, മുരാരി ബാബുവും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മില്‍മയില്‍ നിന്നും നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിന്‍ലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്. വിജിലന്‍സ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞവര്‍ഷം മകരവിളക്ക് കാലയളവില്‍ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിന് 2024 ലാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. ഇതിനായി ടെണ്ടര്‍ വിളിച്ചു. ആറ് സ്ഥാപനങ്ങളാണ് ടെന്‍ഡറില്‍ പങ്കാളിയായത്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്‍കിയത്. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

സാധാരണ നെയ്യ് ഉപയോഗിക്കുമ്പോള്‍ ഒരു കൂട്ട് അരവണ ഉണ്ടാക്കാന്‍ 10 ലിറ്റര്‍ നെയ്യ് ആവശ്യമാണ്. എന്നാല്‍ മില്‍മയുടെ നെയ്യ് ആകുമ്പോള്‍7 മുതല്‍ 7.5 ലിറ്റര്‍ വരെ മതിയാകും. അതിനാല്‍ മില്‍മയ്ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ശുപാര്‍ശ നല്‍കിയത്. ഇതിനെ ദേവസ്വം കമ്മീഷണര്‍ എതിര്‍ത്തിരുന്നു. ദേവസ്വം കമ്മീഷണറുടെ നിലപാട് തള്ളി കൊണ്ടാണ് മില്‍മയ്ക്ക് കരാര്‍ നല്‍കാന്‍ പി എസ് പ്രശാന്തും എ അജികുമാറും തീരുമാനമെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക