
നിലവിലെ തലമുറയെക്കാൾ വളരെ സത്യസന്ധരാണ് ‘ജെൻ സി’ (Gen Z), ‘ജെൻ ആൽഫ’ (Gen Alpha) തുടങ്ങിയ യുവതലമുറയെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ ഐ.ഐ.എം.യു.എൻ യൂത്ത് കോൺഫറൻസിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ് നീറ്റ് പരീക്ഷാ ചോർച്ചയും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉയർത്തിയ പരാതികൾ പൂർണ്ണമായും ന്യായമാണെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും എന്നാൽ അത് വേണ്ടത്ര നടക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തരം കാര്യങ്ങളിൽ യുവാക്കൾ പ്രതിഷേധങ്ങൾ ഉയർത്തുന്നത് സ്വാഭാവികമാണെന്നും, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ രാജ്യത്തെ പുതിയ തലമുറയെ ഒരിക്കലും ‘രാഷ്ട്രവിരുദ്ധരായി’ മുദ്രകുത്തരുതെന്നും അദ്ദേഹം കർശനമായി ഓർമ്മിപ്പിച്ചു.
പഴയ തലമുറ മുതിർന്നവർ പറയുന്നത് ചോദ്യം ചെയ്യാതെ അംഗീകരിച്ചിരുന്നെങ്കിൽ, ഇന്നത്തെ തലമുറ ഓരോ വിഷയത്തിലും കൃത്യമായ യുക്തിയും ന്യായമായ മറുപടികളും ആഗ്രഹിക്കുന്നുണ്ട്. രാജ്യസ്‌നേഹവും സേവനമനോഭാവവും അവരിൽ സത്യസന്ധമായി പ്രതിഫലിക്കുന്നു.
ജനാധിപത്യത്തിൽ പ്രതിഷേധവും അഭിപ്രായസമന്വയത്തിനുള്ള ഒരു മാർഗമാണ്. വിദ്യാർത്ഥികളോ യുവാക്കളോ ഏതെങ്കിലും വിഷയത്തിൽ പ്രതിഷേധിച്ചാൽ അവരെ രാജ്യവിരുദ്ധരായി കാണരുത്. വ്യവസ്ഥിതിയിലെ പോരായ്മകൾ പരിഹരിക്കാനും തിരുത്തലുകൾ വരുത്താനുമാണ് അവർ ശബ്ദമുയർത്തുന്നത്. ഭാഗവത് വിശദീകരിച്ചു. സംവാദങ്ങളിലൂടെ സമവായത്തിൽ എത്താൻ സാധിക്കാത്ത ഘട്ടങ്ങളിലാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഈ സമരങ്ങളെല്ലാം സമൂഹത്തിൽ പുതിയൊരു സമവായം ഉണ്ടാക്കാൻ വേണ്ടിയുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻവിധികളോടെ കാണുന്നതിന് പകരം പുതിയ തലമുറയുടെ ആശങ്കകൾ കേൾക്കാനും സംവാദങ്ങളിലൂടെ പരസ്പര ധാരണയിലെത്താനുമാണ് ശ്രമിക്കേണ്ടത്. മോഹൻ ഭാഗവത് ഓർമ്മിപ്പിച്ചു.
മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.