Image

9447071021- ഈ വാട്സാപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ മതി: കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം

Published on 06 August, 2026
9447071021- ഈ വാട്സാപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ  മതി: കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നു . വളരെ ലളിതമാണ് ഈ ടിക്കറ്റെടുക്കൽ രീതി. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. 

എഐ സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെയാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുക. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് സർക്കാരെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു.
 

കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എ ഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വെച്ചാണ് ഉൽഘാടനം നടന്നത്.

ഉൽഘാടനച്ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം . 9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ മാത്രം മതി. ഒരു Hi അയച്ചാൾ യാത്രാവിവരങ്ങൾ അന്വേഷിച്ചുള്ള മെസ്സേജ് ലഭിക്കും. അതിൽ വ്യക്തമായി പോകേണ്ട സ്ഥലം നൽകിയാൽ മതി. യാത്രാ മാർഗം , തീയതി , സർവീസ്, സീറ്റ് എന്നിവ ചോദിക്കുന്നതിനനുസരിച്ച് നൽകാം. സുരക്ഷിതമായ രീതിയിൾ തന്നെ ഓൺലൈൻ പേയ്‌മെന്റ് നടത്താനും കഴിയും. മുഴുവൻ ബുക്കിങ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക