
മുംബൈ: സാധാരണക്കാരുടെ പ്രശ്നങ്ങളും ആവശ‍്യങ്ങളും മനസിലാക്കുകയെന്ന ലക്ഷ‍്യത്തോടെ അടുത്ത മാസം ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ ആരംഭിക്കുമെന്ന് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ.
സിജെപിയുടെ ഔദ‍്യോഗിക യോഗത്തിനു ശേഷം തന്‍റെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച മുതൽ ദിപ്കെയുടെ വസതിയിൽ സിജെപി യോഗം നടത്തിവരുകയായിരുന്നു. ക‍്യാംപെയിൻ നടത്തുന്നതിലൂടെ രാജ‍്യത്തെ നിലവിലെ സാഹചര‍്യത്തെ പറ്റിയും അവർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ആളുകൾ എന്താണ് ചിന്തിക്കുന്നതെന്നും അറിയാൻ സാധിക്കുമെന്ന് ദിപ്കെ കൂട്ടിച്ചേർത്തു.
ധർമേന്ദ്ര പ്രധാൻ രാജിവച്ചതാണ് വിദ‍്യാർഥി പ്രക്ഷോഭത്തിലെ വലിയ നേട്ടമെന്നും കഴിഞ്ഞ 10 വർഷമായി ഈ സർക്കാർ ജനങ്ങളിലുണ്ടാക്കിയ ഭയം ഇതോടെ അവസാനിച്ചെന്നും ജനങ്ങൾ ഇപ്പോൾ തെരുവിലിറങ്ങുമെന്നും ദിപ്കെ പറഞ്ഞു.
'ഇന്ന് അവർ ഒരാളുടെ രാജി ആവശ‍്യപ്പെട്ടു. നാളെ മറ്റുള്ളവരുടെ രാജിയും അവർ ആവശ‍്യപ്പെടും'. ദിപ്കെ പറഞ്ഞു. വികസിത ഇന്ത‍്യയ്ക്കായി ബാബാസാഹേബ് അംബേദ്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരുടെ ദർശനമാണ് സിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും തങ്ങളുടെ പ്രത‍്യയശാസ്ത്രം ഇന്ത‍്യൻ ഭരണഘടനയ്ക്ക് സമാനമാണെന്നും ദിപ്കെ പറഞ്ഞു.
സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് രങ്ക തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.