
ഹൂസ്റ്റൺ: ഇന്ത്യൻ-അമേരിക്കൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വിസ തട്ടിപ്പ് ആരോപണം വലിയ വിവാദമായി. ടെക്സസിലെ ഹൂസ്റ്റൺ സ്വദേശിനിയായ സാധന ഗൊള്ളപ്പുടിയെ വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്തതായി ആരോപിച്ച പോസ്റ്റ് വൈറലായെങ്കിലും, അവർ സ്വാഭാവികവൽക്കരണത്തിലൂടെ അമേരിക്കൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് യുഎസ് അറ്റോർണി സ്ഥിരീകരിച്ചതോടെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളയപ്പെട്ടു.
'സൈബർ ഗ്രീൻ' എന്ന എക്‌സ് (X) അക്കൗണ്ടാണ് സാധന ഗൊള്ളപ്പുടി സ്വന്തം വീടിന് മുന്നിൽ ഭരതനാട്യം അവതരിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച്, വിദ്യാർത്ഥി വിസയിൽ അമേരിക്കയിൽ പതിറ്റാണ്ടിലേറെയായി പഠനത്തിന്റെ പേരിൽ തുടരുകയും നർത്തകിയായും ട്യൂട്ടറായും നിയമവിരുദ്ധമായി ജോലി ചെയ്യുകയാണെന്നും ആരോപിച്ചത്. ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റ് നിയമവിരുദ്ധമായി വിസ അനുവദിക്കുകയും പുതുക്കിക്കൊടുക്കുകയും ചെയ്തുവെന്നും പോസ്റ്റിൽ അവകാശപ്പെട്ടു. മൂന്ന് മില്യണിലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്.
സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്തിയതായി ടെക്സാസിന്റെ സൗത്ത്ൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണിയായ ആരോൺ റൈറ്റ്സ് അറിയിച്ചു.
വിസ തട്ടിപ്പിനെതിരെ തന്റെ ഓഫീസ് കർശന നടപടി സ്വീകരിക്കുമെന്നും നിയമവിരുദ്ധമായി അമേരിക്കയിൽ കഴിയുന്നവർക്കും നിയമവിരുദ്ധമായി നിയമപരമായ പദവി നേടിയവർക്കും അമേരിക്കയിൽ സ്ഥാനമില്ലെന്നും റൈറ്റ്സ് പ്രതികരിച്ചു.
എന്നാൽ, ഈ പ്രതികരണം കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചു. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) യുഎസ് അറ്റോർണിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ പൗരത്വമുള്ളയാളെ വിദ്വേഷപരമായ ഒരു സമൂഹമാധ്യമ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അന്വേഷണവിധേയയാക്കിയതെന്തിനാണെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സുഹാഗ് ശുക്ല ചോദിച്ചു. നിരപരാധിയായ ഒരു അമേരിക്കൻ പൗരയോട് മാപ്പ് പറയുകയോ വ്യാജപരാതി നൽകിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്നും അവർ വിമർശിച്ചു.
ഇന്ത്യൻ അമേരിക്കൻ അഡ്വക്കസി കൗൺസിൽ (IAAC) സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ദശലക്ഷക്കണക്കിന് ആളുകൾക്കുമുന്നിൽ സാധന ഗൊള്ളപ്പുടിയെ 'വിസ തട്ടിപ്പുകാരി' എന്ന് തെറ്റായി ചിത്രീകരിച്ചുവെന്നും, പിന്നീട് അവർ അമേരിക്കൻ പൗരയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും വ്യാജ പ്രചാരണം നടത്തിയവരെ അപലപിക്കാൻ യുഎസ് അറ്റോർണി തയ്യാറായില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
വ്യാജ ആരോപണം പ്രചരിപ്പിച്ച 'സൈബർ ഗ്രീൻ' അക്കൗണ്ട് പോസ്റ്റ് ഉടൻ പിൻവലിക്കണമെന്നും, അതേ പ്രാധാന്യത്തോടെ പരസ്യമായി മാപ്പ് പറയണമെന്നും, പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സാധന ഗൊള്ളപ്പുടിക്ക് നിയമസഹായം ലഭ്യമാക്കാനും അപകീർത്തി കേസിനുള്ള തെളിവുകൾ ശേഖരിക്കാനും സഹായിക്കാമെന്നും ഐഎഎസി അറിയിച്ചു.
നിരുത്തരവാദപരമായ വ്യാജ ആരോപണങ്ങളിലൂടെ ഒരാളുടെ ജീവിതവും പ്രശസ്തിയും തകർക്കാൻ ശ്രമിക്കുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പോരാട്ടത്തിൽ അവർ ഒറ്റയ്ക്കല്ല എന്നും സംഘടന വ്യക്തമാക്കി.