
കുടിയേറ്റക്കാർ നൽകുന്ന അപേക്ഷകൾ സമ്പൂർണമല്ലെങ്കിൽ അപ്പോൾ തന്നെ തള്ളാൻ യുഎസ് സി ഐ എസിനു നൽകിയ വിപുലമായ അധികാരം ഇന്ത്യക്കാരെ ഏറെ ബാധിക്കുമെന്നു വിലയിരുത്തൽ.
അപേക്ഷകൾ പരിശോധിച്ചു കൂടുതൽ തെളിവുകൾ ആവശ്യപ്പെടുന്ന രീതി (Request for Evidence -- RFE) നിർത്തലാക്കി. അപേക്ഷകർ ആദ്യ അപേക്ഷയിൽ തന്നെ യോഗ്യത തെളിയിച്ചിരിക്കണം എന്നു യുഎസ് സിഐഎസ് പത്രക്കുറിപ്പിൽ അറിയിച്ചു.
അപേക്ഷ തള്ളാൻ പോകുന്നു എന്നറിയിക്കുന്ന നടപടി ക്രമവും (Notice of Intent to Deny -- NOID) ഇനി ഉണ്ടാവില്ല.
എച്-1ബി, എൽ-1, ഓ-1, ഇബി-1, ഗ്രീൻ കാർഡ്, ഓ പി ടി, സ്റ്റം-ഓ പി ടി, എച്-4 ഇ എ ഡി തുടങ്ങിയ നിരവധി അപേക്ഷകളെ ഇതു ബാധിക്കും.
കുടിയേറ്റ നിയമത്തിന്റെ സൗകര്യം ലഭിക്കാൻ യോഗ്യതയുണ്ടെന്നു അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അപേക്ഷകൻ സ്വയം തെളിയിക്കണം എന്നാണു പുതിയ വ്യവസ്ഥ. യുഎസ് സിഐഎസ് ഉദ്യോഗസ്ഥർക്ക് അതു സ്വീകരിക്കയോ തള്ളുകയോ ചെയ്യാം.
എന്തെങ്കിലും കാരണവശാൽ ആർ എഫ് ഇ അനുവദിച്ചാൽ അതിനു പരമാവധി 12 ആഴ്ച്ച സമയം മാത്രമേ നൽകൂ. എൻ ഓ ഐ ഡി അനുവദിച്ചാലോ 30 ദിവസവും.
നിലവിലുള്ള അപേക്ഷകൾക്കും ഈ ചട്ടങ്ങൾ ബാധകമാണെന്നു വാഷിംഗ്ടണിലെ ഇമിഗ്രെഷൻ അഭിഭാഷകൻ കെവിൻ ജെ. ആൻഡ്രൂസ് പറയുന്നു. അപേക്ഷയിൽ തീരുമാനം എടുക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം സമ്പൂർണമാണ്.
US CIS gets sweeping powers on immigration applications