
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിനുള്ളതാണെന്നും സുതാര്യതയ്ക്ക് വേണ്ടിയുള്ളതല്ലെന്നും കോൺഗ്രസ് എം.പി ശശി തരൂർ. വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ ആസ്തികൾക്കുമേൽ എക്സിക്യൂട്ടീവിന് വ്യാപകമായ അധികാരം നൽകുന്നതാണ് പുതിയ ബില്ലെന്നും ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത നിയമസംരക്ഷണങ്ങളെ മറികടക്കുന്ന മുൻകാലങ്ങളിലില്ലാത്ത തരത്തിലുള്ള നിയന്ത്രണ സംവിധാനമാണ് ഈ ഭേദഗതികൾ കൊണ്ടുവരുന്നതെന്നും തരൂർ ലേഖനത്തിൽ പറഞ്ഞു. നിലവിലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ പാസാക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ വിമർശനം.
എഫ്.സി.ആർ.എ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ, സംഘടനകളുടെ വിദേശ ഫണ്ടുകളും ഭൗതിക സ്വത്തുക്കളും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രത്യേക അതോറിറ്റിയ്ക്ക് അധികാരം നൽകുന്നതിനെ തരൂർ വിമർശിച്ചു. പരമ്പരാഗത നിയമസംരക്ഷണങ്ങളെ മറികടക്കുന്ന നിയമവിരുദ്ധമായ നിയന്ത്രണ സംവിധാനമാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്വത്തുക്കൾ ഭാഗികമായി മാത്രമാണ് വിദേശ ഫണ്ടുപയോഗിച്ച് നിർമ്മിച്ചതെങ്കിൽ പോലും, അവ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അതോറിറ്റിയുടെ പേരിൽ താൽക്കാലികമായി മാറ്റിവെക്കാനും, പിന്നീട് വിൽക്കാനും, അതിലൂടെ ലഭിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് മാറ്റാനും പുതിയ നിയമവ്യവസ്ഥ സർക്കാരിന് അധികാരം നൽകുന്നുണ്ടെന്ന് തരൂർ വ്യക്തമാക്കി.
നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ സംഘടനയുടെ രജിസ്ട്രേഷൻ സ്വയം റദ്ദാക്കപ്പെടുന്ന 'ഡീംഡ് സെസേഷൻ' (deemed cessation) എന്ന ആശയത്തെയും അദ്ദേഹം എതിർത്തു. ഇത് വിദേശ ഫണ്ടുകളിലേക്കും ബന്ധപ്പെട്ട ആസ്തികളിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടുത്തും.
കേരളത്തിലെ ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റുകൾ, ആശുപത്രികൾ, സ്കൂളുകൾ, മെഡിക്കൽ കോളേജുകൾ എന്നിവ ആഭ്യന്തര ഫണ്ടുകളും വിദേശ ഗ്രാൻഡുകളും ഉപയോഗിച്ച് തലമുറകളായി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സേവനം നൽകിവരികയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. FCRA ലൈസൻസുകളിലെ ഭരണപരമായ തീരുമാനങ്ങളെയും ഭൗതിക ആസ്തികൾ പിടിച്ചെടുക്കുന്നതിനെയും ബന്ധിപ്പിക്കുന്നത് ഇത്തരം സ്ഥാപനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് അദ്ദേഹം വാദിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഒറ്റ ഭരണപരമായ കാലതാമസമോ പ്രതികൂല ഉത്തരവോ മതിയാകും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 500 കിടക്കകളുള്ള ഒരു ചാരിറ്റബിൾ ആശുപത്രി പെട്ടെന്ന് സർക്കാരിന്റെ സ്വത്തായി മാറാൻ എന്ന് തരൂർ എഴുതി. ഇതിന്റെ ഇരകൾ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന സാധാരണക്കാരായ ഇന്ത്യൻ ജനങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
FCRA രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്യുന്ന സംഘടനകൾക്ക് പരിമിതമായ നിയമപരമായ വഴികൾ മാത്രമേ ഉണ്ടാകൂവെന്നും, അവരെ ഭരണഘടനാ കോടതികളിൽ നീണ്ട നിയമപോരാട്ടങ്ങൾക്ക് നിർബന്ധിതരാക്കുമെന്നും തരൂർ പറഞ്ഞു.
സ്വത്തവകാശവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 300എ, നിയമത്തിനു മുന്നിലെ സമത്വം പറയുന്ന ആർട്ടിക്കിൾ 14, മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ നടത്തിപ്പും സംരക്ഷിക്കുന്ന ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനങ്ങൾക്ക് ഈ പുതിയ വ്യവസ്ഥകൾ കാരണമായേക്കാമെന്ന് അദ്ദേഹം ലേഖനത്തിൽ വാദിച്ചു.
ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും മാറ്റിവെക്കേണ്ട വിഭവങ്ങൾ കോടതിയിൽ തങ്ങളെ പ്രതിരോധിക്കാനും ഒപ്പം ആസ്തികൾ പിടിച്ചെടുക്കുന്നതിൽ നിന്ന് സംരക്ഷണം തേടാനും ചാരിറ്റബിൾ സംഘടനകൾ വിനിയോഗിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണാധികാരികളുടെ അതിരുകടന്ന അധികാരപ്രയോഗമാണ് ഇതിലൂടെ നടക്കുന്നതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സർക്കാർ നിയന്ത്രണം ഒരിക്കലും എക്സിക്യൂട്ടീവ് അതിക്രമമായി മാറരുതെന്നും ഭരണഘടനാപരമായ തത്വം പാലിക്കപ്പെടണമെന്നും ഓർമ്മിപ്പിച്ചു.
പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഈ നിയമനിർമ്മാണത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. ലഭ്യമായ എല്ലാ നിയമപരവും ജനാധിപത്യപരവുമായ മാർഗ്ഗങ്ങളിലൂടെയും ഈ ബില്ലിനെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൂക്ഷ്മമായ പരിശോധനയ്ക്കും, പൊതുജനങ്ങളുടെയും സിവിൽ സൊസൈറ്റി സ്റ്റേക്ക് ഹോൾഡർമാരുടെയും അഭിപ്രായങ്ങൾ തേടുന്നതിനുമായി ബിൽ ഒരു സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.