
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോടു മാപ്പുപറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ് . സിഎസ്എഎം (കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയൽ), ഡീപ്പ്ഫേക്ക്, പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നതിലെ പിഴവുകൾ എന്നിവയിലാണ് മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. ഉള്ളടക്ക മോഡറേഷനിൽ ഉണ്ടായ തെറ്റുകൾ മെറ്റ സമ്മതിക്കുകയും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ദോഷകരമായ ഉള്ളടക്കം കൈകാര്യം ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ഫ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് നിഷികാന്ത് ദുബേയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്.
മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ തുടങ്ങിയവരാണ് പാർലമെന്ററി സമിതിയെ കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. അതേസമയം, മെറ്റ അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ഉദ്യോഗസ്ഥർ നാളെ വീണ്ടും ചർച്ചയിൽ പങ്കെടുക്കും.