
തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടർന്ന് അന്താരാഷ്ട്ര കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപിൽദേവ് നൽകിയ പരാതിയിലാണ് ഒൻപത് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ യാത്രക്കാരന് അനുകൂലമായ വിധി പുറത്തുവന്നത്. സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി.
2017 സെപ്റ്റംബർ 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അവധി കഴിഞ്ഞ് മടങ്ങാനായി തിരുവനന്തപുരത്തു നിന്ന് മുംബൈ വഴി സൗദിയിലേക്ക് എയർ ഇന്ത്യ വിമാനത്തിലാണ് കപിൽദേവ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ തിരുവനന്തപുരത്തു നിന്നുള്ള വിമാനം രണ്ടു മണിക്കൂറിലധികം വൈകിയതോടെ മുംബൈയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനം ഇദ്ദേഹത്തിന് നഷ്ടമായി. തുടർന്ന് മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ തങ്ങേണ്ടി വന്ന യാത്രക്കാരന് പ്രാഥമിക സൗകര്യങ്ങളോ താമസസൗകര്യമോ നൽകാൻ എയർ ഇന്ത്യ തയ്യാറായില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പിറ്റേന്ന് സൗദി എയർലൈൻസിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്താണ് കപിൽദേവ് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. സൗദിയിലെ ട്രാവൽ ഏജൻസി വഴി കുടുംബാംഗങ്ങൾ അയച്ച പണം ഉപയോഗിച്ചാണ് ഈ ടിക്കറ്റ് വാങ്ങിയത്. തങ്ങളുടെ ഭാഗത്തുനിന്ന് സേവന വീഴ്ചയുണ്ടായിട്ടില്ലെന്ന എയർ ഇന്ത്യയുടെ വാദം കമ്മീഷൻ തള്ളി. പുതിയ ടിക്കറ്റ് എടുത്ത ഇനത്തിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് 83,000 രൂപയും, അനുഭവിച്ച മാനസിക വിഷമത്തിന് 50,000 രൂപയും, കോടതി ചെലവിലേക്ക് 3,000 രൂപയും ഉൾപ്പെടെ ആകെ 1,36,000 രൂപ പരാതിക്കാരന് നൽകാനാണ് ഉപഭോക്തൃ കമ്മീഷന്റെ നിർദ്ദേശം.