
രാജ്യം മുഴുവൻ ഉറ്റു നോക്കിയ മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ പ്രോഗ്രസീവ് വിഭാഗത്തിൽ നിന്നുള്ള ഡോക്ടർ അബ്ദുൾ എൽ സായിദ് നേർത്ത ഭൂരിപക്ഷത്തിൽ മധ്യവർത്തിയായ റെപ്. ഹാലി സ്റ്റീവൻസിനെ തോൽപിച്ചു. സായിദിന്റെ ലീഡ് 48.48%-- 47.51% ആയി നിൽക്കേ എൻ ബി സി ന്യൂസ് അദ്ദേഹത്തിനു വിജയം തീർച്ചപ്പെട്ടെന്നു പ്രഖ്യാപിച്ചു.
ജനപ്രീതിയുള്ള ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ഉൾപ്പെടെ ഡെമോക്രാറ്റിക് നേതൃത്വം പിന്തുണച്ച സ്റ്റീവൻസ് $65 മില്യൺ വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ വിജയങ്ങളിലൊന്ന് മിഡ്‌വെസ്റ്റിലും എത്തിച്ചു സായിദ് കൊടി നാട്ടി.
ചെലവ് കുറഞ്ഞ ആരോഗ്യ രക്ഷയുടെ വക്താവായ സായിദ് നവംബർ 3നു നേരിടുക റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സിനെ ആയിരിക്കും. യുഎസ് സെനറ്റിന്റെ ഭൂരിപക്ഷം ആർക്കെന്നു നിർണയിക്കുന്ന മത്സരമെന്നാണ് മിഷിഗൺ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.
ആര് ജയിച്ചാലും പാർട്ടി ഒന്നിച്ചു നിൽക്കുമെന്നു പ്രഖ്യാപിച്ച സായിദ് പറഞ്ഞു: "ഭിന്നതയൊക്കെ നാളെ തന്നെ തീർക്കും."
സ്റ്റീവൻസ് പറഞ്ഞു: "ഇതൊരു കടുത്ത മത്സരമാവും എന്നറിയാമായിരുന്നു. അങ്ങിനെ തന്നെ ആയി."
ഡെമോക്രാറ്റ് സെനറ്റർ ഗാരി പീറ്റേഴ്സ് വിരമിക്കുന്ന ഒഴിവിലാണ് നവംബർ മത്സരം.
കോറി ബുഷ് പുറത്തായി
മിസൂറി ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രോഗ്രസീവ് നേതാവ് കോറി ബുഷ് പരാജയം കണ്ടു. യുഎസ് ഹൗസ് അംഗമായിരുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് തോറ്റത് പാർട്ടി നേതൃത്വം ഇറക്കിയ വെസ്‌ലി ബെല്ലിനോടാണ്. ഹൗസിലെ ഇടതു ചായ്‌വുള്ള 'സ്‌ക്വാഡ്' ഗ്രൂപ്പിൽ അംഗമായിരുന്ന ബുഷിന്റെ തോൽവി ഇടതു പക്ഷത്തിനു അടിയായി.
എന്നാൽ മിഷിഗൺ പ്രൈമറിയിൽ മറ്റൊരു സോഷ്യലിസ്റ്റ് ജയിച്ചു കയറി: വില്യം ലോറൻസ്. നേതൃത്വത്തിനു പ്രിയപ്പെട്ട രണ്ടു പേരെ വീഴ്ത്തിയ അദ്ദേഹം നവംബറിൽ റിപ്പബ്ലിക്കൻ റെപ്. ടോം ബാരറ്റിനെ നേരിടും.
Zayed has slim lead in Michigan primary