
വാഷിങ്ടൺ: ഇന്ത്യയിൽ വിദേശസഹായം നിയന്ത്രിക്കുന്ന ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് -എഫ്സിആർഎ) ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ അമേരിക്കൻ കോൺഗ്രസ് അംഗം റൈലി മൂർ രംഗത്തെത്തി. ഇന്ത്യയുടെ പാർലമെന്റിൽ പരിഗണനയിലുള്ള എഫ്‌സിആർഎ ഭേദഗതി ബിൽ 2026 ക്രൈസ്തവ സഭകളെയും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതാണെന്നും ഇത് ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനെതിരായ വ്യക്തമായ ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.
വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ റൈലി മൂർ സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് ഈ വിമർശനം ഉന്നയിച്ചത്. ബിൽ നിലവിലെ രൂപത്തിൽ തന്നെ നിയമമായാൽ സർക്കാർ സഭകളുടെയും മതപരമായ ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ വഴിയൊരുങ്ങുമെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം നടപടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര ആശങ്കയ്ക്ക് ഇടയാക്കുന്ന വിഷയമാകുമെന്നും റൈലി മൂർ മുന്നറിയിപ്പ് നൽകി.
ക്രൈസ്തവ വിശ്വാസത്തിന് ഇന്ത്യയിൽ രണ്ടായിരത്തിലേറെ വർഷത്തെ ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അപ്പോസ്തലനായ വിശുദ്ധ തോമസ് മലബാർ തീരത്തെത്തിയ കാലം മുതൽ ക്രൈസ്തവ സമൂഹം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ഓർമിപ്പിച്ചു. അതിനാൽ ക്രൈസ്തവ സഭകളെയും മതപരമായ സേവന സ്ഥാപനങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള നിയമഭേദഗതികൾ മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
അതേസമയം, വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026 നിലവിലുള്ള എഫ്‌സിആർഎ 2010-ൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസംഘടനകൾ, മറ്റ് അസോസിയേഷനുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
നിലവിലെ നിയമപ്രകാരം, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ (Ministry of Home Affairs) രജിസ്ട്രേഷൻ നേടേണ്ടതുണ്ട്. ഈ രജിസ്ട്രേഷൻ അഞ്ച് വർഷത്തിലൊരിക്കൽ പുതുക്കുകയും വേണം.
പ്രസ്താവിത ഭേദഗതി ബില്ലിനെ ചൊല്ലി വിവിധ തലങ്ങളിൽ ചർച്ചകളും അഭിപ്രായഭിന്നതകളും തുടരുന്നതിനിടെയാണ് യു.എസ്. കോൺഗ്രസ് അംഗത്തിന്റെ പ്രതികരണം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. എന്നാൽ, ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചും അതിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ത്യ സർക്കാർ ഇതുവരെ ഔദ്യോഗികമായി ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.