
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനായി നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായി സൗജന്യമായി തുടരുന്ന യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വലിയൊരു നയപരമായ മാറ്റം വരാന്‍ പോകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതി നിലവില്‍ വന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കാം.
ഭാവിയില്‍ ചില യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ 'പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റില്‍' വരുത്താന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടപടി തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഫീസ് ഒന്നും അംഗീകരിച്ചിട്ടില്ലെങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് മേഖലയുടെ വളര്‍ച്ചയ്ക്കായി 'മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' നടപ്പിലാക്കുന്നതിനുള്ള നിയമപരമായ സാധ്യതയാണ് ഈ ഭേദഗതിയിലൂടെ തുറന്നുകിട്ടുന്നത്.
ഡിജിറ്റല്‍ പേയ്മെന്റ് മേഖല വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്. അതേസമയം ഈ ഭേദഗതി ഉടന്‍ തന്നെ ചാര്‍ജുകള്‍ ഒന്നും ഏര്‍പ്പെടുത്തില്ല. മറിച്ച്, ഭാവിയില്‍ എംഡിആര്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനുള്ള നിയമപരമായ ചട്ടക്കൂട് ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫീസ് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുകയാണ് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.