
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ ഡൽഹിയിലെ വൻ പ്രതിഷേധത്തിന് പിന്നാലെ, കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഭാവി നയം വ്യക്തമാക്കി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. നേരിട്ടുള്ള രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും, ഭരണസംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്ന ശക്തമായ പ്രഷർ ഗ്രൂപ്പായി പ്രസ്ഥാനം തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ മിശ്രിത ഇന്ധന പദ്ധതി, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ജാർഖണ്ഡിലെ പരീക്ഷാക്രമക്കേടുകൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും മഹാരാഷ്ട്രയിലെ സംഭവിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെ ദീപ്‌കെ വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയിലും നീതിന്യായ വ്യവസ്ഥയിലും മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ജനങ്ങൾക്ക് പൂർണമായും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ദീപ്‌കെ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങൾക്കെതിരെ എല്ലാ വിഭാഗം ആളുകളും ഒന്നിച്ച് തങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്കപ്പുറം പരീക്ഷാ നടത്തിപ്പ് സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താൻ ഇത്തരം പൊതുജന പ്രസ്ഥാനങ്ങൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് പ്രക്ഷോഭം ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം തികച്ചും ദയനീയമാണെന്ന് സിജെപി വക്താവ് സൗരവ് ദാസും വിമർശിച്ചു. ജനങ്ങൾ വോട്ട് ചെയ്യുന്നത് ഒരു പാർട്ടിക്ക് ആണെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും മറ്റ് മാർഗങ്ങളിലൂടെ മറ്റൊരു പാർട്ടി സർക്കാർ രൂപീകരിക്കുന്ന അവസ്ഥയാണുള്ളത്. നിരവധിയായ രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിട്ടും സാധാരണക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരമാകുന്നില്ലെങ്കിൽ പുതിയൊരു പാർട്ടി രൂപീകരിക്കുന്നത് കൊണ്ട് അർത്ഥമില്ല. അതിനാൽ സമൂഹത്തെയും ഭരണാധികാരികളെയും കൃത്യമായി ചിന്തിപ്പിക്കാൻ കഴിവുള്ള ജനകീയ പ്രസ്ഥാനമായി നിലകൊള്ളാനാണ് സിജെപി ആഗ്രഹിക്കുന്നതെന്നും സൗരവ് ദാസ് വ്യക്തമാക്കി.