
ചെന്നൈ: തമിഴ്നാടിനെ 1.5 ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി എൻ. മാരി വിത്സൻ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടഘട്ടമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യവസായ പുരോഗതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് വൻ തുകയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്.
സ്ത്രീകൾക്കും വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന നിരവധി ജനകീയ പ്രഖ്യാപനങ്ങളാണ് ബജറ്റിന്റെ പ്രധാന ആകർഷണം. യുവതികളുടെ വിവാഹത്തിന് എട്ട് ഗ്രാം തങ്ക നാണയവും പട്ട് സാരിയും നൽകാൻ 812 കോടി രൂപയും, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 'തായ്മാമൻ തങ്ക മോതിരം' പദ്ധതിയിലൂടെ സ്വർണമോതിരം നൽകാൻ 560 കോടി രൂപയും വകയിരുത്തി. കൂടാതെ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 5.32 ലക്ഷത്തോളം വരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്ക് സൈക്കിൾ, ഹെൽമറ്റ്, വാട്ടർ ബോട്ടിൽ എന്നിവ വിതരണം ചെയ്യുന്നതിനായി 272 കോടി രൂപയുടെ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത എഐ നഗരമായ 'അറിവകം', തൂത്തുക്കുടി-തിരുനെൽവേലി മേഖലകളെ ഉൾപ്പെടുത്തി തെക്കൻ തമിഴ്നാടിനെ വൻകിട എയറോസ്പേസ് മാനുഫാക്ചറിങ് ഹബ്ബാക്കാനുള്ള പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടംപിടിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് 44,527 കോടി രൂപയും ആരോഗ്യ-കുടുംബക്ഷേമത്തിനായി 23,357 കോടി രൂപയും നീക്കിവെച്ച ബജറ്റിൽ, ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന പരാമർശവുമുണ്ട്.