
പ്രയാഗ്‌രാജ്: ഭർതൃവീട്ടിൽ നിന്നും സ്ത്രീധന പീഡനവും ഗാർഹിക പീഡനവും നേരിടുന്ന സ്ത്രീയോട് കേസ് ഒത്തുതീർപ്പാക്കാനോ ക്ഷമിച്ച് മുന്നോട്ടുപോകാനോ ഉപദേശിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. കുടുംബാംഗങ്ങൾ ഇത്തരം ഉപദേശങ്ങൾ നൽകുന്നത് കുറ്റവാളികൾക്ക് പീഡനം തുടരാനുള്ള പ്രോത്സാഹനമായി മാറുമെന്നും, ഒടുവിൽ അത് ദാരുണമായ മരണത്തിലേക്ക് വരെ വഴിതുറക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
വിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ യാതൊരു കാരണവശാലും അവഗണിക്കരുതെന്ന് കോടതി വ്യക്തമാക്കി. 2011-ൽ സ്ത്രീധന പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട മീനാ ദേവി (25) എന്ന യുവതിയുടെയും അവരുടെ ഒരു വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞിന്റെയും കേസിൽ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഭർത്താവും അമ്മായിയമ്മയും അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിമാനത്തിനെതിരെ നൽകിയ അപ്പീൽ ഹർജിയിലാണ് ഈ നിരീക്ഷണം.
നിരന്തരമായ സ്ത്രീധന ആവശ്യങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും മകൾ ആവർത്തിച്ച് പറയുമ്പോൾ അതിനെ സാധാരണ ദാമ്പത്യ തർക്കങ്ങളായി തള്ളിക്കളയരുത്. സഹായത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള അവളുടെ യാചനകളായിട്ടാണ് കുടുംബം അതിനെ കാണേണ്ടത്. മകളുടെ ആശങ്കകൾ അടിയന്തര പ്രാധാന്യത്തോടെയും സഹാനുഭൂതിയോടെയും കേൾക്കാനും അവളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കാനും കുടുംബങ്ങൾക്ക് ബാധ്യതയുണ്ട്. സമയബന്ധിതമായ ഇടപെടലുകളിലൂടെ മാത്രമേ നികത്താനാകാത്ത നഷ്ടങ്ങൾ തടയാൻ സാധിക്കൂ എന്നും കോടതി ഓർമിപ്പിച്ചു.
ഒരു സ്ത്രീയും നിശബ്ദയായി പീഡനങ്ങൾ സഹിക്കാൻ നിർബന്ധിതയാകുന്നില്ലെന്നും, സഹായത്തിനായുള്ള ഓരോ വിളി കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. വൈകിയുള്ള പശ്ചാത്താപത്തിനോ കേസ് നടത്തിപ്പിനോ നഷ്ടപ്പെട്ട ഒരു ജീവനെ തിരികെ നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹസമയത്ത് 2.26 ലക്ഷം രൂപ നൽകിയിട്ടും ബൈക്കും ലക്ഷം രൂപയും അധികമായി ആവശ്യപ്പെട്ടാണ് ഭർതൃവീട്ടുകാർ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത്.