Image

ട്രെയിനിലെ കൂട്ടബലാത്സംഗം: അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണം, റെയിൽവേയുടെ വാദം തള്ളി ഡൽഹി ഹൈക്കോടതി

Published on 05 August, 2026
ട്രെയിനിലെ കൂട്ടബലാത്സംഗം: അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണം, റെയിൽവേയുടെ വാദം തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2012-ൽ ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഇന്ത്യൻ റെയിൽവേക്കാണെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കുറ്റം ചെയ്തത് സ്വകാര്യ വ്യക്തിയാണെങ്കിൽപ്പോലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം ശരിവെച്ച ജസ്റ്റിസ് അമിത് ബൻസാൽ, വിഷയത്തിൽ റെയിൽവേ മന്ത്രാലയം നൽകിയ ഹർജി തള്ളുകയും ചെയ്തു.

​ടിക്കറ്റെടുത്ത് നിയമാനുസൃതമായി യാത്ര ചെയ്ത വ്യക്തിക്ക് ട്രെയിനിനുള്ളിൽ വെച്ച് സുരക്ഷ ഉറപ്പാക്കുക എന്നത് റെയിൽവേയുടെ പ്രാഥമിക കടമയാണെന്ന് കോടതി ഓർമിപ്പിച്ചു. ട്രെയിൻ യാത്ര ആരംഭിച്ചുകഴിഞ്ഞാൽ കമ്പാർട്ടുമെന്റിനുള്ളിലെ പൂർണ സുരക്ഷ റെയിൽവേ നിയമപ്രകാരം അവരുടെ ഉത്തരവാദിത്തമാണ്. അതിനാൽ ഇത്തരം ഗുരുതര അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് അധികൃതർക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

​റെയിൽവേ ജീവനക്കാരനല്ലാത്തൊരാൾ കുറ്റം ചെയ്തുവെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിക്രമത്തിന് ഇരയായ വ്യക്തി നേരിട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ കമ്മീഷൻ നൽകിയത് കേവലം ഒരു അഭിപ്രായമല്ല മറിച്ച് നടപ്പിലാക്കേണ്ട നിർദേശമാണെന്നും, അതിൻപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനുള്ള പൂർണ ബാധ്യത റെയിൽവേക്കാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹർജി തള്ളിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക