
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം. 'എം.എസ്.വി ഫൈസ് നൂർ ഒലിയ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രഹരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ തലകീഴായി മറിഞ്ഞ് പൂർണ്ണമായും മുങ്ങി. എന്നാൽ കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരാൾ യെമൻ സ്വദേശിയും ബാക്കി 13 പേരും ഇന്ത്യക്കാരുമാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും പൂർണ്ണ സുരക്ഷിതരാണെന്നും ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ആക്രമണത്തിന് പിന്നിൽ ഹൂത്തി വിമതരാണെന്ന് യെമൻ നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് ആരോപിച്ചെങ്കിലും സംഭവത്തിൽ ഹൂത്തികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. തന്ത്രപ്രധാനമായ ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കേന്ദ്ര സർക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെ വാണിജ്യ കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചു. ആക്രമണത്തിൽപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ മുഴുവൻ സഹായങ്ങളും എത്തിക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഡയറക്ടർ ജനറൽ മാരിറ്റൈം അഡ്മിനിസ്ട്രേഷനോട് (ഡി.ജി.എം.എ) കേന്ദ്രമന്ത്രി ഉത്തരവിട്ടു.