Image

​'രഹസ്യമായും കാണേണ്ടിവരും, പ്രളയകാലത്തും മാധ്യമങ്ങൾക്ക് വിവാദത്തോട് പ്രിയം' ; കൊച്ചിയിലെ നിക്ഷേപക കൂടിക്കാഴ്ചയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 05 August, 2026
​'രഹസ്യമായും കാണേണ്ടിവരും, പ്രളയകാലത്തും മാധ്യമങ്ങൾക്ക് വിവാദത്തോട് പ്രിയം' ; കൊച്ചിയിലെ നിക്ഷേപക കൂടിക്കാഴ്ചയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കൊച്ചിയിൽ വെച്ച് വ്യവസായ നിക്ഷേപകരെ കണ്ട സംഭവത്തിൽ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വികസന കാര്യങ്ങളിൽ ചില വ്യക്തികളെയും നിക്ഷേപകരെയും പരസ്യമായും അല്ലാതെയും കാണേണ്ടി വരുമെന്നും, താൻ എറണാകുളത്തുണ്ടായിരുന്നതിനാലാണ് അവർ അവിടെയെത്തി കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയം പോലുള്ള ഗുരുതരമായ വിഷയങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുമ്പോഴും ഇത്തരം കാര്യങ്ങൾ വിവാദമാക്കാനാണ് മാധ്യമങ്ങൾക്ക് താല്പര്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗതാഗത മന്ത്രിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഇനി ആ വിഷയത്തിൽ വിവാദങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

​അതേസമയം, പ്രളയത്തിൽ കനത്ത തിരിച്ചടി നേരിട്ട വ്യാപാരികൾക്കും കർഷകർക്കും വലിയ ആശ്വാസ നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. വെള്ളം കയറി ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത കടക്കാർക്ക് 10,000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2018-ലെയും 2019-ലെയും പ്രളയകാലത്ത് ഇല്ലാത്ത പുതിയ തീരുമാനമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പുറമെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുകയിൽ 25 ശതമാനത്തിന്റെ വർദ്ധനവും സർക്കാർ വരുത്തിയിട്ടുണ്ട്.

​കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കാര്യക്ഷമമായി പ്രതിരോധിക്കാൻ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡാം മാനേജ്‌മെന്റിനായി നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത സംവിധാനം നടപ്പിലാക്കും. ഡാമുകളിലെ മണലും നദികളിലെ എക്കലും നീക്കം ചെയ്യാനും നദീതീര കയ്യേറ്റങ്ങൾ കണ്ടെത്താൻ 'ലാൻഡ് ഓഡിറ്റിംഗ്' നടത്താനും തീരുമാനമായി. കനത്ത കടലാക്രമണം നേരിടുന്ന തീരദേശങ്ങളിൽ കടൽഭിത്തി നിർമ്മാണവും ജിയോ ബാഗ് വിതരണവും വേഗത്തിലാക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക