
കൊച്ചി: തിരുവനന്തപുരത്തിന്റെ ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് കേന്ദ്ര തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും (Permanent Pictorial Cancellation) പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ച ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും. ഇതോടെ തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറും. മുൻപ് ശബരിമല, ഗുരുവായൂർ, കാസർകോട്ടെ മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്.
സാധാരണ സ്മാരക സ്റ്റാമ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരം ചിത്രമുദ്ര നിർദ്ദിഷ്ട പോസ്റ്റ് ഓഫീസുകളിൽ കാലപരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കും. ഓഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്ന കത്തുകളിലും പാഴ്സലുകളിലും ഈ ചിത്രമുദ്ര പതിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവുമാണ് ചിത്രമുദ്രയിൽ കൊത്തിവെച്ചിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിന് മുന്നിലായി ഭഗവാന്റെ ചിത്രം സ്വർണ്ണ ഫോയിലിൽ പതിപ്പിച്ച പ്രത്യേക പ്രീമിയം കവറും തപാൽ വകുപ്പ് പുറത്തിറക്കുന്നുണ്ട്. 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വില. ആദ്യഘട്ടത്തിൽ 2,000 കവറുകളാണ് വിൽപ്പനയ്ക്കെത്തിക്കുക.
ക്ഷേത്രം അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് തപാൽ വകുപ്പിന്റെ ഈ നിർണായക തീരുമാനം. കേരളീയരെയും വിദേശ സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ദ്രവീഡിയൻ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. 2011-ൽ ക്ഷേത്രത്തിലെ നിധിശേഖരം പുറത്തുവന്നതോടെ രാജ്യാന്തര ശ്രദ്ധയാകർഷിച്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സാംസ്കാരിക പാരമ്പര്യവും വാസ്തുവിദ്യാ മഹിമയും ലോകമെമ്പാടുമുള്ള തപാൽ പ്രേമികളിലേക്ക് (ഫിലാറ്റലിസ്റ്റുകൾ) എത്തിക്കാൻ ഈ ചിത്രമുദ്ര സഹായിക്കും.