Image

പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്രസഹായം; നടപടികൾ പൂർത്തിയായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Published on 05 August, 2026
പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്രസഹായം; നടപടികൾ പൂർത്തിയായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം തുക തടസ്സങ്ങൾ നീക്കി അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഓണക്കാലത്ത് പ്രഖ്യാപിച്ച ധനസഹായം ലഭ്യമാകുന്നതിലുണ്ടായ കാലതാമസത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തുക പൂർണ്ണമായി അനുവദിച്ചുകൊണ്ടുള്ള നടപടി. ഇതനുസരിച്ച് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വരെ കേന്ദ്രസഹായമായി ലഭിക്കും.  

​കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയാണ് തുക അനുവദിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ വന്ന വീഴ്ച കാരണമാണ് ഫണ്ട് ലഭ്യമാകാൻ വൈകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെയും അണ്ടർടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്ര ടൂറിസം മന്ത്രാലയം ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.  

​തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും പാരമ്പര്യ കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ല എന്ന ആഗ്രഹത്തോടെ ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭ്യമാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. വരുന്ന പൊന്നോണത്തിന് പുലിക്കളിയുടെ വർണ്ണപ്പൊലിമ കൂട്ടാനും, നമ്മുടെ തനത് സംസ്കാരത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്താനും ഈ തുക വലിയൊരു കരുത്താകുമെന്നും സാംസ്കാരിക നഗരത്തിന്റെ അഭിമാനമായ പുലിക്കളിയെ നെഞ്ചിലേറ്റാൻ താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക