Image

വിമർശനങ്ങൾ ഉൾക്കൊള്ളുന്നു, ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല; സ്ത്രീകൾക്കെതിരായ പരാമർശത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ

Published on 05 August, 2026
വിമർശനങ്ങൾ ഉൾക്കൊള്ളുന്നു, ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല; സ്ത്രീകൾക്കെതിരായ പരാമർശത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഔദ്യോഗിക യോഗത്തിൽ അനാവശ്യ വാക്കുകൾ ഉപയോഗിച്ചതിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ വിമർശനങ്ങൾ ഉൾക്കൊള്ളാൻ ബാധ്യതയുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ തനിക്ക് യാതൊരുവിധ അഹങ്കാരവുമില്ലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. ഇതോടെ വിഷയത്തിലെ വിവാദങ്ങൾ അവസാനിച്ചതായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സർക്കാരിന്റെ പ്രസ്റ്റീജിയസ് ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ 'പ്രിയദർശിനി' പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് മന്ത്രി അറിയിച്ചു. പദ്ധതി നിർത്തിവെക്കാൻ പോകുന്നുവെന്ന രീതിയിൽ വരുന്ന പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ ഏതൊരു സ്ത്രീക്കും പ്രിയദർശിനി ആനുകൂല്യം നേടാൻ അവകാശമുണ്ട്. യുഡിഎഫ് സർക്കാരിന്റെ ശിശുവായ ഈ പദ്ധതി സ്ത്രീകളോട് ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ മികച്ച രീതിയിൽ തുടർന്നും നടപ്പിലാക്കുമെന്നും ഇത് കെഎസ്ആർടിസിക്ക് സാമ്പത്തിക ഭാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​കേരളത്തിൽ ദാരിദ്ര്യം പൂർണ്ണമായി ഇല്ലാതായി എന്ന തരത്തിലുള്ള പ്രസ്താവനകൾ ശരിയല്ലെന്ന രാഷ്ട്രീയ നിലപാടാണ് താൻ പങ്കുവെച്ചതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ഇപ്പോഴും കടുത്ത ദാരിദ്ര്യമുണ്ട്. മാസം 10,000 രൂപ വരുമാനമുള്ള ഒരു സ്ത്രീക്ക് പ്രിയദർശിനി പദ്ധതി വഴി 2,000 രൂപയുടെ ഇളവ് ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഇത്തരം പദ്ധതികളിലൂടെ ദാരിദ്ര്യം പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ജനങ്ങൾ തങ്ങളെ തിരഞ്ഞെടുത്തത് ആ ദൗത്യം നിർവ്വഹിക്കാനാണെന്നും സി.പി. ജോൺ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക