Image

ഏദനിലെ താമസക്കാർ (നോവല്‍-26: ലൈല അലക്‌സ്)

Published on 04 August, 2026
ഏദനിലെ താമസക്കാർ (നോവല്‍-26: ലൈല അലക്‌സ്)

ഐ.സി.യുവിന് മുൻപിൽ കാവൽ നിന്ന അറ്റെൻഡറെ തോമസ് ജോസഫ് പിടിച്ചു തള്ളി.
'ഒന്ന് പോടോ... ഞാൻ അവളെ കണ്ടിട്ടേ പോകൂ.'
'സർ ബഹളം ഉണ്ടാക്കരുത്. സീരിയസായ രോഗികളാണ് അകത്ത്.... അനുവാദം ഉള്ളവരെ മാത്രമേ അകത്തേക്ക് വിടാൻ സാധിക്കൂ..' 
'ആരുടെ അനുവാദമാണെടോ എൻറെ കുഞ്ഞിനെ കാണാൻ ഞാൻ വാങ്ങേണ്ടത്? പോയി വിളിക്കെടാ നിൻറെ ഡോക്ടറെ… ഞാനും ഒരു ഡോക്ടർ തന്നെയാടാ…’
ബഹളം കേട്ടുകൊണ്ട് അകത്തുണ്ടായിരുന്ന ഡോക്ടർ ഇറങ്ങിവന്നു.  
'ങാ... ' ഡോക്ടറെകണ്ട് തോമസ് ജോസഫ് പോക്കറ്റിൽ നിന്നും ഐ. ഡി കാർഡ് പുറത്തേക്കെടുത്തുകൊണ്ടു പറഞ്ഞു:
'ഞാൻ ഡോക്റ്റർ ജോസെഫ്. കഴിഞ്ഞ പത്ത് അൻപത് വർഷമായി  പഠിത്തവും ജോലിയും ഒക്കെയായി അങ്ങ് ന്യൂയോർക്കിലാ.’
'ഓ... മിസിസ് രാജീവൻറെ ബ്രദർ.’
'യെസ്. ടെൽ മി എന്താ അവൾക്കു പറ്റിയത്?' 
‘കുഴപ്പമൊന്നുമില്ല. യുവർ സിസ്റ്റർ ഈസ് ഫൈൻ. തലയിലെ മുറിവ് കുറച്ചു ഡീപ് ആണ്. അവരെ ഐ.സി.യുവിൽ നിന്നും മാറ്റി, റൂമിലേക്ക്  കൊണ്ടുപോയി. വരൂ...'
ജോസെഫ് ഡോക്ടറോടൊപ്പം വനജ കിടന്ന മുറിയിലേക്ക് ചെന്നു. അപ്രതീക്ഷിതമായി സഹോദരനെ കണ്ടപ്പോൾ: 'ജോച്ചായാ....' വനജ സന്തോഷത്തോടെ വിളിച്ചു.  
'എന്ത് പറ്റിയെടീ മോളേ?' ജോസെഫ് വനജയുടെ കിടക്കയിൽ ഇരുന്നുകൊണ്ട് അവളുടെ നെറ്റിയിൽ മുറിവ് പൊതിഞ്ഞിരുന്ന ബാൻഡേജ് പരിശോധിച്ചു.
പിന്നെ തിരിഞ്ഞു കൂടെ വന്ന ഡോക്ടറോടായി പറഞ്ഞു. 'താങ്ക്സ് ബഡി...'
'വെൽക്കം. ഇനി നിങ്ങൾ സംസാരിക്കു....' അയാൾ തിരിഞ്ഞു നടന്നു.
'അച്ചായാ... അച്ചായൻ എപ്പോൾ എത്തി? എങ്ങനെ  അറിഞ്ഞു?' വനജ ചോദിച്ചു. 
'ഞാൻ ഒന്നും അറിഞ്ഞില്ല. ഇവിടെ എയർപോർട്ടിൽ വന്നിറങ്ങി ഇ-മെയിൽ ചെക് ചെയ്തപ്പോൾ ട്രീസയുടെ മെയിലിൽ നിന്നാണ് നീ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത്. അതുകൊണ്ട് നേരെ ഇങ്ങോട്ടു വന്നു. ഇവിടെ അടുത്തുള്ള ഹോട്ടലിൽ ഒരു മുറി എടുത്ത് ബാഗേജ് അവിടെ വെച്ച്, കുളിച്ചു, ഇങ്ങോട്ടു പോന്നു…’ 
'അതിരിക്കട്ടെ... നിനക്ക് എന്താ സംഭവിച്ചത്? രാജീവൻ എവിടെ?'
'എല്ലാം പറയാം.' വനജ പറഞ്ഞു. 
കഴിഞ്ഞ കുറച്ചു കാലങ്ങളായി തനിക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചു വനജ വിശദമായി സഹോദരനെ പറഞ്ഞു കേൾപ്പിച്ചു. 
എല്ലാം കേട്ടു  കഴിഞ്ഞ് ജോസെഫ് വനജയോട് ചോദിച്ചു:
'എന്താ മോളെ ഇതൊക്കെ? നീയും രാജീവനും തമ്മിൽ എന്തെങ്കിലും...?
'ഇല്ല... ഒന്നുമില്ല. സത്യം...' 
ജോസെഫ് കുറച്ചു നേരം ആലോചിച്ചിരുന്നു. എന്നിട്ടു ചോദിച്ചു:
'പിന്നെ, നിങ്ങളുടെ കമ്പനിയുടെ ഷെയറുകൾ... മാർക്കറ്റിൽ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നീ എന്നോട് പറഞ്ഞത് എന്തിനാണ്?' 
വനജ കുറച്ചു നേരം മിണ്ടാതെ ഇരുന്നു. പിന്നെ, പറഞ്ഞു.
'കാര്യമുണ്ട് അച്ചായാ...  അവിടെ ചിലതൊക്കെ നടക്കുന്നു എന്നൊരു  സംശയം.... അതുകൊണ്ട് ഒരു മുൻകരുതൽ... ' 
'പറയൂ..' ജോസെഫ്  പ്രോത്സാഹിപ്പിച്ചു. 
'മമ്മയുടെ ഷെയറുകൾ... വത്സ മമ്മയെ നിർബന്ധിക്കുന്നു എന്ന് എനിക്ക്  തോന്നുന്നു.’
'നീ രാജീവനോട് പറഞ്ഞില്ലേ?'
'ഇല്ല. യാതൊരു തെളിവുമില്ലാതെ, എന്ത് പറയാൻ?'
ആ സംഭാഷണം കേട്ടുകൊണ്ട്, വാതിൽ തുറന്നു രാജീവൻ കയറി വന്നത് അപ്പോഴാണ്. അളിയനെ കണ്ട് അയാൾ അദ്ഭുതപ്പെട്ടു. 
'അച്ചായൻ ഇത്ര പെട്ടെന്ന് ...'
'എന്താ ഞാൻ വരില്ലെന്ന് കരുതാൻ?'
'അങ്ങനെയല്ല. ട്രീസചേച്ചിയോടു വിവരം പറഞ്ഞപ്പോൾ അച്ചായൻ  ഇങ്ങോട്ടു വരുന്നുണ്ടെന്നു അറിഞ്ഞു. പക്ഷെ ഫ്ലൈറ്റ് ഡീറ്റെയിൽസ് ഒന്നും തന്നില്ല. അതുകൊണ്ട് എപ്പോൾ വരുമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു. അല്ലെങ്കിൽ എയർപോർട്ടിൽ വന്നു ഞാൻ പിക് ചെയ്യാമായിരുന്നു.   
‘നീ ട്രീസയെ വിളിക്കുമ്പോഴേക്കും ഞാൻ ഫ്ളൈറ്റിൽ കയറിക്കഴിഞ്ഞിരുന്നു. ഇവളുടെ ആക്സിടൻറെ കാര്യം ഞാൻ അറിഞ്ഞത് കൊച്ചിയിൽ ലാൻഡ് ചെയ്തു കഴിഞ്ഞാണ്. അതുകൊണ്ട് നേരെ ഇങ്ങോട്ടു പോന്നു.’
'എന്തൊക്കെയാ രാജീവാ ഇവൾ ഈ പറയുന്നത്? ഊമക്കത്ത്, അപവാദം, വധശ്രമം... എന്താ ഇവിടെ നടക്കുന്നത്? കേട്ടിട്ട് തന്നെ പേടിയാകുന്നു’. രാജീവൻ ഒന്നും മറുപടി പറഞ്ഞില്ല. ഇരു കൈകളുംകൊണ്ട് തലതാങ്ങി കുനിഞ്ഞിരിക്കയായിരുന്നു അയാൾ. കഴിഞ്ഞ കുറെ ദിവസങ്ങളിലെ ക്ഷീണവും ആധിയും ആ ഇരുപ്പിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
'ഇതിനും പുറമെയാ നിങ്ങളുടെ ബിസിനസ് കാര്യം. അവിടെ യും ഉണ്ടല്ലോ എന്തൊക്കെയോ തിരിമറികൾ?.' ജോസെഫ് പറഞ്ഞു  
രാജീവൻ തല ഉയർത്തി. 
'എന്ത്?'
'അപ്പോൾ നീ അറിഞ്ഞിട്ടില്ല?'
'അച്ചായൻ എന്ത് കാര്യമാ പറയുന്നത്? പർച്ചേയ്സ്  ഡിപ്പാർട്മെന്റിൽ  കുറെ വെട്ടിപ്പും തട്ടിപ്പും ഉണ്ടായിരുന്നു. അത് റിസോൾവ് ചെയ്തു. ഞാൻ അച്ചായനോട് പറഞ്ഞിരുന്നല്ലോ...' രാജീവൻ 
'കമ്പനിയുടെ ഷെയറുകൾ കൈമാറ്റം ചെയ്തത് അറിഞ്ഞിട്ടില്ല?...' 
'ഏതു ഷെയർ? ആരുടെ ഷെയർ?' രാജീവൻ ഉദ്വേഗത്തോടെ ചോദിച്ചു.
‘നിങ്ങളുടെ കമ്പനിയുടെ ഷെയറുകൾ… ഫാമിലിയുടെ പുറത്തുളളത് ആരോ ഒരു അജ്ഞാതൻ വാങ്ങുന്നുണ്ട്…. മോണിറ്റർ ചെയ്യുന്നുണ്ടാവുമല്ലോ അല്ലേ?'.  
'അച്ചായൻ എന്താണ് ഇപ്പറയുന്നത്?’ രാജീവൻ ചോദിച്ചു. 
‘അച്ചായന് അറിയില്ലേ വളരെ കുറച്ചു ഷെയറുകൾ മാത്രമേ പുറത്തുള്ളൂ എന്ന്? അത് തന്നെ പലരുടെ പേരിൽ... വളരെക്കുറച്ചു യൂണിറ്റ്സ് വീതം ... അത്...'
'അത് തന്നെ. ആ പലരുടെ പേരിലുള്ളത് ആരോ ഒരാൾ വാങ്ങിക്കൂട്ടുന്നു. നിങ്ങളുടെ മക്കളുടെ ഷെയറിൻറെ ട്രസ്റ്റി ഞാനായതുകൊണ്ടു ഓഫർ എനിക്കും ഉണ്ടായിരുന്നു. ഒരു മലേഷ്യ ബേസ്ഡ് കമ്പനിയാണ് എന്നാണ് ഏജൻറ് പറഞ്ഞത്. ' 
രാജീവനും വനജയും ഞെട്ടലോടെ പരസ്പരം നോക്കി. അവരുടെ ആ നോട്ടം കണ്ടുകൊണ്ട് ജോസെഫ് പറഞ്ഞു:  
'ഓ അപ്പോൾ നിങ്ങൾക്ക്  അറിയാവുന്ന കാര്യമാണ്... എത്ര കുറവ് യൂണിറ്റ്സ് ആയാലും ട്രാൻസാക്ഷൻസ് വാച്ച് ചെയ്യണം. ഇത് പറയാനാ ഞാൻ വന്നത്’
രാജീവൻ ഒന്നും മിണ്ടിയില്ല. രാജുവിൻറെ ഓഫീസിൽ നിന്നും കേട്ട സംഭാഷണം ഓർക്കുകയായിരുന്നു അയാൾ ..
കൂടുതൽ സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല. വനജയ്ക്കുള്ള ഡിസ് ചാർജ് പേപ്പറുകളുമായി നേഴ്സ് കടന്നു വന്നു.
'ജോച്ചായ.. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് വീട്ടിലേക്കു പോകാം. ഇവിടുത്തെ ഫോർമാലിറ്റീസ് തീർത്തിട്ട് ഞാൻ ഹോട്ടലിൽ വന്ന് അച്ചായനെ  കൂട്ടിക്കോളാം...' 
രാജീവൻ പറഞ്ഞു. 
'അതിൻറെ ഒന്നും കാര്യമില്ല. ഞാൻ ഒരു ടാക്സി പിടിച്ചു അങ്ങ് വന്നോളാം... അതിനു മുൻപ് എനിക്ക് ഒന്ന് രണ്ടു പേരെ കാണാനുണ്ട് '


Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക